KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി

.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു കൊണ്ടാണ് ഉത്തരവ്. 13 പദ്ധതികളുടെ ആനുകൂല്യം വർദ്ധിപ്പിച്ചതിനു പുറമേ സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക്, കുടുംബശ്രീ എഡിഎസ് ഗ്രാന്റ് എന്നീ പുതിയ പദ്ധതികളും ഈ മാസം മുതൽ നടപ്പിലാവുകയാണ്.

 

ആനുകൂല്യങ്ങൾ പുതുക്കിയ 13 പദ്ധതികളും പുതുതായി ആരംഭിച്ച 3 പദ്ധതികളും നടപ്പാക്കുന്നതിനുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞമാസം 29ന് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു പുതിയ പദ്ധതികൾ ഉൾപ്പെടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

Advertisements

 

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീ സുരക്ഷ പദ്ധതിയാണ് ഇതിൽ പ്രധാനം. 31 ലക്ഷം സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷകർ മറ്റ് ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്തവരും മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുന്നവരും ആയിരിക്കണം. അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് പദ്ധതിയിൽ അംഗങ്ങളാകാനുള്ള അപേക്ഷ നൽകേണ്ടത്. യുവജനങ്ങളെ ചേർത്തുപിടിക്കുന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബശ്രീ എഡിഎസിന് നൽകുന്ന ഗ്രാൻഡ് ഉൾപ്പെടെ ഈ മാസം മുതൽ ലഭ്യമായി തുടങ്ങും.

 

റബ്ബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങി. 180 രൂപയായിരുന്ന താങ്ങുവില 200 രൂപയായാണ് വർദ്ധിപ്പിച്ചത്. നവംബർ 1 മുതലുള്ള ബില്ലുകൾക്കാണ് വർദ്ധനവ് ബാധകമാവുക. അംഗൻവാടി ജീവനക്കാർക്കുള്ള ആനുകൂല്യം, ആശാപ്രവർത്തകരുടെ ആനുകൂല്യം തുടങ്ങി പതിനാറോളം പദ്ധതികളുടെ ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Share news