KOYILANDY DIARY

The Perfect News Portal

കാഷ്യൂ കോർപറേഷനിൽ ജോലി കിട്ടി. കടപ്പാടുണ്ട് സർക്കാരിനോട്

കൊല്ലം: കാഷ്യൂ കോർപറേഷനിൽ ജോലി കിട്ടിയശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി, കുടുംബത്തിലും അത്‌ പ്രതിഫലിച്ചു, സന്തോഷമുണ്ട്‌. സർക്കാരിനോടാണ്‌ കടപ്പാട്‌’– പരത്തുംപാറ ഫാക്‌ടറിയിലെ പീലിങ്‌ തൊഴിലാളി പൂവറ്റൂർ പടിഞ്ഞാറ്‌ മാവടി മഞ്ജു ഭവനിൽ മായ പറയുന്നു. കാഷ്യൂ കോർപറേഷനിലും കാപ്പക്‌സിലും പുതുതായി ജോലി ലഭിച്ച 6200 പേരുടെയും ജീവിതാനുഭവമാണിത്‌.

വ്യവസായ വകുപ്പിന്റെ സഹായത്താൽ കാഷ്യൂ കോർപറേഷനിൽ 4200 പേർക്കും കാപ്പക്‌സിൽ 2000 പേർക്കുമാണ്‌ ഏഴു വർഷത്തിനിടെ നിയമനം നൽകിയത്‌. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം കാഷ്യൂ കോർപറേഷനിൽ 550 പേർക്ക്‌ ജോലി ലഭിച്ചു. കാഷ്യൂ കോർപറേഷന്റെ 30 കാപ്പക്‌സിന്റെ 10 ഫാക്‌ടറി നവീകരണഘട്ടത്തിലാണ്‌. തൊഴിലാളികളിൽ 16 പേരുടെ മക്കൾക്ക്‌ നിയമപോരാട്ടത്തിലൂടെ എംബിബിഎസിന്‌ പ്രവേശനം ലഭിച്ചു.

Advertisements

സർക്കാർ വ്യവസായത്തിനൊപ്പം
കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനും തൊഴിൽ സംരക്ഷണത്തിനും സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി റിപ്പോർട്ട്‌ ഉടൻ. ഇതിന്റെ അടിസ്ഥാനത്തിൽ പാക്കേജും പ്രഖ്യാപിക്കും. വ്യവസായികൾക്ക് തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി ഉൾപ്പെടെ വിഹിതത്തിൽ നല്ലൊരു ശതമാനം സർക്കാർ നൽകും.

Advertisements

വിദ്യാഭ്യാസ ആനുകൂല്യം ഇരട്ടിയാക്കി
കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ 67,768 തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഇരട്ടിയാക്കി.
ശരാശരി ഒരു വർഷം 3500പേരാണ്‌ ഉപരിപഠനത്തിനു പോകുന്നത്‌. പ്ലസ്‌ വൺ, പ്ലസ്‌ ടു കോഴ്‌സിന്‌ സ്‌കോളർഷിപ്‌ 500 രൂപയിൽനിന്ന്‌ 1000, ബിരുദം 750ൽ നിന്ന്‌ 1500, ബിരുദാനന്തര ബിരുദം 1000ൽനിന്ന്‌ 2000, പ്രൊഫഷണൽ കോഴ്‌സ്‌ 1500ൽ നിന്ന്‌ 3000, പിഎച്ച്‌ഡി 2000ൽ നിന്ന്‌ 5000 രൂപയുമാണ്‌ ഉയർത്തിയത്‌.