ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട്: ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിടിയിൽ. പുതിയറ അമ്യതാലയം വീട്ടിൽ അനൂപ് (35) നെ ആണ് കസബ പോലീസ് പിടികൂടിയത്. 2025 ജൂലായ് 13ന് രാത്രി കണ്ണൂർ സ്വദേശിയായ യുവാവും, പെൺസുഹൃത്തും ഇവരുടെ ബുള്ളറ്റിൽ വരുമ്പോൾ പാളയത്തുള്ള അളകാപുരി ഹോട്ടലിന് മുൻവശത്ത് വെച്ച് പാളയം ജംങ്ഷൻ ഭാഗത്ത് നിന്നും അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും, ഓടിച്ച് വന്ന ഒരു ഗുഡ്‌സ് ഓട്ടോറിക്ഷ ബുള്ളറ്റിൽ ഇടിക്കുകയും, വാഹനം നിർത്താതെ പോകുകയുമായിരുന്നു.

ബൈക്ക് യാത്രികർക്ക് റോഡിൽ വീണതിൽ ഗുരുതര പരിക്കുപറ്റുകയുമായിരുന്നു. തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വാഹനത്തെപ്പറ്റിയും, എന്നാൽ വാഹനം പാളയം പരിധി വിട്ട് പുറത്ത് പോയിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കുകയായിരുന്നു.

തുടർന്ന് ഇടിച്ചിട്ട വാഹനം പാളയത്തുള്ള CP ബസാറിന് ഉൾവശത്തേയ്ക്കായി നിർത്തിയിട്ടിരിക്കുന്ന രീതിയിൽ കസബ പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കോഴിക്കോട് പാളയത്തിന് സമീപത്തുവെച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐ രാംദാസ്, എഎസ്ഐ മാരായ സജേഷ് കുമാർ, SCPO രഞ്ജിത്ത്, CPO സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
