സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലാണ് വ്യാപാരം. ഇന്ന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7200 രൂപയിലെത്തി. സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമായ മാസമാണിത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു.

എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷമാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ അമേരിക്ക ഉക്രെയ്ന് അനുമതി നൽകിയതും മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്ന് റഷ്യ പറഞ്ഞതും ആഗോള തലത്തിൽ ആശങ്കകൾ ശക്തമാക്കി.

ഇതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് വീണ്ടും കൂട്ടി. ഏറ്റവും അടുത്തുതന്നെ വില 60,000 കടക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തിയിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വിലയിടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,672.81 ഡോളറാണ് വില.

