കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3606 ഗ്രാം സ്വർണമിശ്രിതവും 20 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. 22ന് രാത്രി കോഴിക്കോട് നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മൽ ഫാഹിലി (25) ൽ നിന്നുമാണ് മതിയായ രേഖകളില്ലാത്ത 1,00,000 സൗദി റിയാൽ കണ്ടെത്തിയത്.

23ന് പുലർച്ചെ ബഹറിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയ കൽപള്ളി മുഹമ്മദ് സൈബിനിൽ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 4 ക്യാപ്സൂളുകളും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയിൽ നിന്നും 535ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 2 ക്യാപ്സൂളുകളും പടിച്ചെടുത്തു.

സ്വർണമിശ്രിതമടങ്ങിയ ക്യാപ്സൂളുകൾ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ഇരുവരും ശ്രമിച്ചത്. മുഹമ്മദ് സൈബിന് 60,000 രൂപയും വിമാന ടിക്കറ്റും ഫവാസിന് 30,000 രൂപയുമാണ് പ്രതിഫലമായി കള്ളക്കടത്ത് സംഘം വാഗ്ദാനം നൽകിയിരുന്നത്.
അസിസ്റ്റന്റ് കമ്മിഷണർമാരായ ഗോപകുമാർ ഇ കെ, പ്രവീൺകുമാർ കെ കെ, സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണൻ, കുഞ്ഞുമോൻ, വിക്രമാദിത്യ കുമാർ, ഇൻസ്‌പെക്ടർമാരായ സന്ദീപ് കിള്ളി, ഇ രവികുമാർ, ധന്യ കെ പി, നിക്സൺ കെ എ, സച്ചിദാനന്ദ പ്രസാദ്, ഹെഡ് ഹവൽദാർ ഇ ടി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

23ന് പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രെസ്സ് ഫ്ലൈറ്റ് നമ്പർ IX 348 ഇൽ അബുദാബിയിൽ നിന്നും എത്തിയ കണ്ണൂർ കിട്ടാഞ്ചി കുന്നോത്ത് വീട്ടിൽ മുഹമ്മദ് ഹനീഫ (33), കോഴിക്കോട് കായേക്കാടിയിൽ കൂട്ടൂർ വീട്ടിൽ കുഞ്ഞഹമ്മദ് കൂട്ടൂർ (53) എന്നിവരെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതിലൂടെ ശരീരഭാഗങ്ങളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 1119 ഗ്രാം തൂക്കം ഉള്ള 4 ക്യാപ്സൂളും 837 ഗ്രാം തൂക്കം ഉള്ള 3 ക്യാപ്സൂളും കണ്ടെത്തിയിട്ടുണ്ട്.

