വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി

വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങൾ ഉൾപ്പെടുത്തിയ വെബ്സൈറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയിരുന്നും കൊച്ചിയുടെ എല്ലാ പ്രത്യേകതകളും അറിയാൻ ജി സി ഡി എ പൂർത്തീകരിച്ച പദ്ധതിയിലൂടെ കഴിയും.

ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും 200 ഓളം വരുന്ന ചരിത്രഇടങ്ങളാണ് ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതിയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയത്. വിദേശികൾക്കുൾപ്പടെയുള്ള സഞ്ചാരികൾക്ക് വളരെ എളുപ്പത്തിൽ കൊച്ചിയുടെ പൈതൃക ഇടങ്ങൾ സന്ദർശിക്കാൻ ഇതുവഴി കഴിയും. എല്ലാ വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വൈബ് സൈറ്റ് തുറക്കുമ്പോൾ പൈതൃകഇടങ്ങളുടെ പേരും സ്ഥാനവും സാറ്റ്ലൈറ്റ് മാപ്പിലായി ഒരു വിൻഡോയിൽ കാണാനാകും. അതിൽ ഓരോ പൈതൃകഇടങ്ങളിലും ക്ലിക്ക് ചെയ്താൽ ജിയോ ടാഗ് ചെയ്ത ഫോട്ടോകളും, വീഡിയോ, വിവരണങ്ങൾ ഉൾപ്പടെ കാണാം. ചരിത്രാന്വേഷി ബോണി തോമസാണ് പദ്ധതിയുടെ മുഖ്യഗവേഷകൻ. കൊച്ചിയുടെ ടൂറിസം വളർച്ചയ്ക്ക് മാപ്പിംഗ് പദ്ധതി വഴിയൊരുക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. എംഎൽഎ കെ ജെ മാക്സി, മേയർ അഡ്വ. എം അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

