തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാറിലും കരമനയാറ്റിലും കേന്ദ്ര ജലകമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിൻറെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

