ബേപ്പൂരിൽ നിന്ന് മീൻപിടിത്തത്തിനുപോയ ബോട്ട് കടലിൽ മുങ്ങി; തൊഴിലാളികൾ രക്ഷപ്പെട്ടു
.
ഫറോക്ക്: ബേപ്പൂരിൽ നിന്ന് മീൻപിടിത്തത്തിനുപോയ ബോട്ട് കടലിൽ മുങ്ങി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരും മറ്റൊരു ബോട്ടിൽ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ബേപ്പൂർ പാലക്കൽപറമ്പ് വലിയ തൊടിപറമ്പ് വി പി ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള “ഡോൺ’ മരബോട്ടാണ് കടലിൽ പൂർണമായും മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന പശ്ചിമ ബംഗാൾ അക്ഷയ് നഗർ സ്വദേശികളായ ഉമേഷ്, കിരൺ, സുനിൽ, അസുദോഷ്, പ്രൊബീസ് എന്നിവരെ ഇതുവഴി എത്തിയ “എംസ’ ബോട്ടിൽ രക്ഷപ്പെടുത്തുകയായിരുന്നു.

മീൻപിടിത്തത്തിനിടെ ശക്തമായ കാറ്റടിച്ചപ്പോൾ വെള്ളം കയറി മുങ്ങിയതായാണ് പ്രാഥമിക നിഗമനം. അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ട് ഉപയോഗിച്ച് അപകടത്തിലായ ബോട്ട് കെട്ടിവലിച്ച് കരയിലെത്തിക്കാൻ ശ്രമം തുടങ്ങി. 1995ൽ നിർമിച്ച ബോട്ടിന് നിലവിൽ രജിസ്ട്രേഷനും ലൈസൻസും ഇല്ലായെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജനുവരി 24ന് ലൈസൻസ്/രജിസ്ട്രേഷൻ കാലപരിധി അവസാനിച്ച ബോട്ടിന് ഇൻഷുറൻസ് പരിരക്ഷയുമില്ല. ബോട്ട് വെള്ളത്തിനടിയിൽ നിന്നും ഉയത്തി കരയിലെത്തിക്കാൻ നടത്തിയ ആദ്യ ശ്രമം വിഫലമായി.




