രാജ്യത്തെ ആദ്യ സംവിധാനം: സംസ്ഥാനത്തെ റോഡുകളുടെ റണ്ണിങ് കരാർ സമ്പ്രദായം വൻ വിജയം

കോഴിക്കോട് : രാജ്യത്തെ ആദ്യ സംവിധാനം: സംസ്ഥാനത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ റണ്ണിങ് കരാർ സമ്പ്രദായം വൻ വിജയം. കരാറുകാരൻ്റെ ബാധ്യതാ കാലയളവിനുശേഷം അറ്റകുറ്റപ്പണിക്കായി മുൻകൂർ കരാർ നൽകുന്ന സംവിധാനമാണിത്. 2021ൽ രാജ്യത്ത് ആദ്യമായി കേരളം നടപ്പാക്കിയ നൂതനാശയം റോഡുകളുടെ ആയുസ്സ് ഇരട്ടിയിലധികമാക്കി. ഉന്നത നിലവാരത്തിൽ പണിത റോഡുകൾ ഉൾപ്പെടെ ഏഴുവർഷത്തിനകം പുതുക്കേണ്ടിവരുന്നുണ്ട്. റണ്ണിങ് കരാർ നടപ്പാക്കിയതോടെ ആയുസ്സ് കുറഞ്ഞത് 15 വർഷമായി. റോഡുകൾ മാസങ്ങളോളം തകർന്നുകിടക്കുന്നതും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും ഇല്ലാതാക്കിയ ആശയം മറ്റൊരു കേരള മോഡലാണ്.

13 ഐഎഎസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എൻജിനിയറും ഉൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ 99 ശതമാനം റോഡുകളിലും കുഴിയില്ലെന്ന് കണ്ടെത്തി. സംസ്ഥാനത്തെ 29,552 കിലോമീറ്റർ റോഡിൽ 19,908 കിലോമീറ്റനാണ് റണ്ണിങ് കരാർ നടപ്പാക്കിയത്. കെഎസ്ടിപി, കേരള റോഡ് ഫണ്ട് ബോർഡ് റോഡുകൾ ഒഴികെയാണിത്. ബിഎംബിസി, എംഎസ്എസ്, ചിപ് സീലിങ് സമ്പ്രദായത്തിലൂടെ നിർമിച്ച റോഡുകളുമുണ്ട്. അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തൽ, ഭരണ– സാങ്കേതിക അനുമതി, ടെൻഡർ, പ്രവൃത്തി എന്നിവയ്ക്കായുള്ള കാലതാമസം ഒഴിവാക്കാനായി. റോഡ് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും നിരീക്ഷണത്തിലായി. നാലുമാസത്തിലൊരിക്കൽ ഉദ്യോഗസ്ഥസംഘം പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കരാറുകാർക്ക് പണം അനുവദിക്കുന്നത്.

എന്താണ് റണ്ണിങ് കരാർ:
കരാർ പ്രകാരമുള്ള പരിപാലന കാലയളവിനുശേഷമുള്ള ‘അധിക വാറൻ്റി’യാണിത്. ഒരു വർഷമാണ് കാലാവധി. തകരാറുകൾ 48 മണിക്കൂറിനകം കരാറുകാരൻ പരിഹരിച്ചിരിക്കണം. ഇത് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വിവരങ്ങൾ റോഡിൽ നീല ബോർഡിൽ പ്രദർശിപ്പിക്കും. കരാറുകാരൻ, ഉദ്യോഗസ്ഥൻ എന്നിവരുടെ പേര്, ടോൾ ഫ്രീ നമ്പർ എന്നിവയുണ്ടാകും. പൊതുമരാമത്ത് മന്ത്രിയുടെ നിയന്ത്രണത്തിലാണ് പരിശോധനാസംഘം. പരാതികൾ ടോൾ ഫ്രീ നമ്പറിലൂടെ മന്ത്രിയുടെ ഓഫീസിൽ അറിയിക്കാം.
