ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്ഐആർ

കട്ടപ്പന: ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്ഐആർ. കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ 16-ാം പ്രതി ആണ് കുഴൽനാടൻ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു.

എഫ് ഐ ആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം വൈകിട്ടാണ് എഫ്.ആർ രജിസ്റ്റർ ചെയ്തത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ആയിരുന്ന ഷാജി ആണ് ഒന്നാംപ്രതി.

2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്. ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസാണ് പരാതി നൽകിയിരുന്നത്.

