നിര്‍മിത ബുദ്ധിയിലൂടെ സാമ്പത്തിക തട്ടിപ്പ്

കോഴിക്കോട്: നിര്‍മിത ബുദ്ധിയിലൂടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സുഹൃത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ്. ആമസോണ്‍ പേ വഴി അയച്ച പണം മുംബൈയിലെ രത്‌നാകര്‍ ബാങ്കിന്റെ അക്കൗണ്ടിലാണ് ക്രഡിറ്റ് ആയതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ നിന്നും 10,000 രൂപ വീതം നാലു തവണകളായി ഇതേ ബാങ്കിന്റെ മഹാരാഷ്ട്രയിലുള്ള ബ്രാഞ്ചിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി.

അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്നും വിരമിച്ച പാലാഴി സ്വദേശി രാധാകൃഷ്ണന്‍ ഹൈടെക് തട്ടിപ്പിന് ഇരയായത്. അന്വേഷണ സംഘം രാധാകൃഷ്ണന്റെ വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന് വാട്‌സ് ആപ്പ് കാള്‍ വന്ന ദിവസം തന്നെ മറ്റു മൂന്ന് സുഹൃത്തുക്കള്‍ക്കും ഫോണ്‍ വന്നിട്ടുണ്ട്. പക്ഷെ, അവരാരും പണം കൈമാറിയിട്ടില്ല.


രാധാകൃഷ്ണന്റെ പേരില്‍ മറ്റു രണ്ടു പേര്‍ക്കും കാള്‍ പോയിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ വിപുലമായ കണ്ണി പ്രവര്‍ത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് ഡിസിപി കെ. ഇ. ബൈജു പറഞ്ഞു. 40,000 രൂപയാണ് നഷ്ടമായത്. ഈ രീതിയില്‍ രാജ്യത്ത് നടക്കുന്ന ആദ്യ തട്ടിപ്പാണ് ഇതെന്നാണ് സൈബര്‍ പൊലീസ് നല്‍കുന്ന സൂചന.


പരിചിതമല്ലാത്ത നമ്പറില്‍നിന്നും നിരവധി തവണ രാധാകൃഷ്ണന് ഫോണ്‍കോള്‍ വന്നു. ഫോണ്‍ എടുക്കാത്തതിനാല്‍ വാട്‌സാപ്പ് സന്ദേശം വന്നു. പണ്ട് ഒപ്പം ജോലിചെയ്തിരുന്ന ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണ് പറഞ്ഞത്. മെസേജ് വായിക്കുന്നതിനിടയില്‍ അതേ നമ്പറില്‍ വാട്സാപ്പ് കോള്‍ വന്നു. സുഖ വിവരം അന്വേഷിച്ച് സുഹൃത്താണെന്ന പ്രതീതിയുണ്ടാക്കി സാമ്പത്തിക സഹായം ചോദിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ് മുംബൈയില്‍ ആശുപത്രിയിലുള്ള സുഹൃത്തിന് അത്യാവശ്യമായി 40,000 രൂപ വേണമെന്നായിരുന്നു അഭ്യര്‍ഥന. താനിപ്പോള്‍ ദുബായിലാണെന്നും അടുത്ത വിമാനത്തില്‍ മുംബൈയിലേക്ക് പോകുമെന്നും ആശുപത്രിയിലുള്ള തന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനും ആവശ്യപ്പെട്ടു. പാലാഴി സ്വദേശിയുടെ സംശയം തീര്‍ക്കാന്‍ വീഡിയോ സന്ദേശം അയച്ചു. ഇതോടെ 40,000 രൂപ അയച്ചു. വീണ്ടും 35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി ആന്ധ്ര സ്വദേശിയായ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
