കേന്ദ്രവിഹിതം ഉടൻ നല്കണമെന്നും കേന്ദ്രത്തിൻറെ അടിമയല്ല കേരളമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ
കൊച്ചി: സംസ്ഥാനത്തിനു കിട്ടാനുള്ള കേന്ദ്രവിഹിതം ഉടൻ നല്കണമെന്നും കേന്ദ്രത്തിൻറെ അടിമയല്ല കേരളമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. അർഹമായത് ലഭിക്കാൻ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ കാടടച്ച് വെടിവയ്ക്കുകയാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് ബാലഗോപാൽ പറഞ്ഞു.

മുരളീധരന് രാഷ്ട്രീയ അസ്വസ്ഥതയാണ്. ജനങ്ങളെ മണ്ടൻമാരാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വിലപ്പോവില്ല. കേന്ദ്രം നൽകേണ്ട ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടും കാലിടറി വീഴാതെ മുന്നോട്ടു പോവുകയാണ് കേരളം. പലയിനങ്ങളിലും തുക കിട്ടാനുണ്ട്. ധനകാര്യ കമ്മിഷൻ നികുതിവിഹിത ഇനത്തിൽ കേരളത്തിന് നേരത്തേ തന്നിരുന്ന 3.9 ശതമാനം വെട്ടിക്കുറച്ചു.

ജനസംഖ്യാനുപാതം ഉൾപ്പെടെയുള്ള ന്യായങ്ങൾ നിരത്തിയാണ് കുറവ് വരുത്തിയത്. ഉത്തർപ്രദേശിന് 18 ശതമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജും കൊടുക്കുന്നു. ഇതെല്ലാം ചോദിക്കുമ്പോൾ മുരളീധരൻ ക്ഷുഭിതനായിട്ട് കാര്യമില്ല. പാർലമെന്റ് മണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കുമ്പോൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ 50 ശതമാനം സീറ്റ് കൂടും. ജനസംഖ്യാനുപാതം നോക്കിയാൽ കേരളത്തിൽ 12 സീറ്റായി കുറയും. ഇക്കാര്യങ്ങളിലൊന്നും മുരളീധരനു മിണ്ടാട്ടമില്ല.

കേന്ദ്രം പിരിക്കുന്ന പണത്തിൽ 64 ശതമാനവും സംസ്ഥാനങ്ങളിൽ നിന്നാണ്. ജി എസ് ടി തുകയുടെ പകുതിയും കേന്ദ്രത്തിന് പോകുന്നു. കേന്ദ്രസർക്കാർ ചെലവാക്കുന്ന തുകയിൽ 40 ശതമാനവും കടമെടുക്കുന്നതാണ്. കേരളം കടമെടുക്കുന്നത് 20 ശതമാനത്തിനടുത്തേയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരത്തിന് പോകുമെന്ന് പറയുമ്പോഴാണ് അവർക്ക് വിഷമം. നിയമപരമായും രാഷ്ട്രീയമായും പ്രശ്നം നേരിടുമെന്നും മന്ത്രി പറഞ്ഞു.

