എം വി ഗോവിന്ദനെതിരെ വ്യാജപ്രചാരണം: ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങൾവഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് വോട്ടർമാരിൽ ഭിന്നിപ്പുണ്ടാക്കി ജനങ്ങൾക്കിടയിൽ ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തിലാണ് വ്യാജപ്രചാരണം. റസാഖ് പടിയൂർ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് എം വി ഗോവിന്ദന്റെ ചിത്രവും പാർടി ചിഹ്നവും ചേർത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. ‘ഇപ്പോ എന്തായ്ക്ക് മാപ്ളവുകളെ’ എന്ന മേൽകുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
മുസ്ലിം ജനവിഭാഗങ്ങളിൽ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതിനും സിപിഐ എമ്മിന് എതിരെ വിദ്വേഷം ഉണ്ടാക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് പരാതിയിൽ പറഞ്ഞു. പോസ്റ്റ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. കണ്ണൂർ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനുമായി അടുത്ത വ്യക്തിബന്ധമുള്ളയാളും സജീവപ്രവർത്തകനുമാണെന്ന് ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ വ്യക്തമാണ്.
കെ സുധാകരന്റെ അറിവോടെയാകാം ഈ പ്രചാരണമെന്ന് സംശയിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് റസാഖ് പടിയൂരിനും യുഡിഎഫ് സ്ഥാനാർഥിക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പോസ്റ്റ് പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ടി വി രാജേഷ് പരാതിയിൽ ആവശ്യപ്പെട്ടു.