KOYILANDY DIARY.COM

The Perfect News Portal

വ്യാജ മോഷണ കഥയോ? മോന്‍സന്‍ മാവുങ്കല്‍ ആരോപിച്ച 20 കോടിയുടെ മോഷണക്കേസ് വ്യാജമെന്ന സംശയത്തില്‍ പൊലീസ്‌

.

കൊച്ചി: കൊച്ചിയിലെ വാടകവീട്ടിൽ മോഷണം നടന്നുവെന്ന മോൺസൺ മാവുങ്കലിന്റെ പരാതി വ്യാജം എന്ന നിഗമനത്തിൽ പൊലീസ്. വാടകവീട് ഒഴിയാതിരിക്കാനുള്ള മോൺസന്റെ തന്ത്രമാണ് പരാതിക്ക് പിന്നിലെന്നാണ് സംശയം. സ്വർണ്ണ ഖുർആൻ, വാച്ചുകൾ അടക്കം 20 കോടിയുടെ വസ്തുക്കൾ നഷ്ടമായെന്നായിരുന്നു പരാതി. മോശയുടെ അംശവടിയടക്കമുള്ള തട്ടിപ്പ് സാധനങ്ങളൊക്കെ മോൺസൺ മാവുങ്കൽ സൂക്ഷിച്ചിരുന്നത് കലൂരിലെ വാടകവീട്ടിലാണ്. ഈ വീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ഇരിക്കെ സ്വർണ്ണ ഖുർആൻ, വാച്ചുകൾ അടക്കം 20 കോടിയുടെ വസ്തുക്കൾ മോഷണം പോയെന്നാണ് പരാതി.

 

ഇന്നലെ മോൺസനുമായി വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് പരാതി വ്യാജമാണെന്ന നിഗമനത്തിലേക്ക് നോർത്ത് പൊലീസ് എത്തിയത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് മോൺസനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ വീട് ഒഴിയണമെന്നായിരുന്നു വീട്ടുടമയുടെ ആവശ്യം. വസ്തുക്കൾ മറ്റെവിടെയും മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ വാടക വീട് ഒഴിയാതിരിക്കാൻ ആണ് മോൺസൺ വ്യാജ പരാതി ഉന്നയിച്ചതെന്നാണ് പൊലീസിന്റെ സംശയം.

Advertisements

 

വീട്ടിലെ ചില വസ്തുക്കൾ കാണാതായെന്ന് കഴിഞ്ഞവർഷവും മോൺസൺ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസ് എടുത്തിരുന്നെങ്കിലും മോൺസൺ സൃഷ്ടിച്ച തിരക്കഥയായിരുന്നു പരാതിയെന്ന കണ്ടത്തലിലേക്കാണ് പൊലീസ് എത്തിയത്. വീടിന്റെ സിസിടിവി ക്യാമറകൾ തകർത്ത നിലയിലാണ്. വാതിലുകൾ തകർക്കാതെ വെന്റിലേഷനോട് ചേർന്നുള്ള ഭിത്തിയാണ് പൊളിച്ചത്. ഇതിലൂടെ മോൺസൺ പറയുന്നത് പോലെയുള്ള വസ്തുക്കൾ കടത്താൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

Share news