ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ചാവേര്‍ ആക്രമണമെന്ന് സൂചന
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ചാവേര്‍ ആക്രമണമെന്ന് സൂചന. സ്ഫോടനത്തിന് കാരണം ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ എന്നും വിവരമുണ്ട്. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കാര്‍ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ്ങില്‍ എത്തിയത് വൈകീട്ട് 3.19നാണ്. 6.48ന് പാര്‍ക്കിംഗില്‍ നിന്നും വാഹനം പുറത്തേക്ക് എടുത്തു. സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 നാണ്.

ദര്യ ഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീര്‍ ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളില്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. സെഷന് 16, 18 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഫോടനത്തില്‍ മരണം 9 ആയി. കഴിഞ്ഞ ദിവസമാണ് പുല്‍വാമ സ്വദേശി കാര്‍ സ്വന്തമാക്കിയത്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്കാന് കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. അന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനകളുടെയും തലവന്മാര് യോഗത്തില്‍ പങ്കെടുക്കും. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം സ്ഫോടനത്തില്‍ എട്ടു പേര് മരിക്കുകയും 30ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം സുരക്ഷ വര്‍ധിപ്പിക്കുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തു.രാജ്യത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലടക്കം രാത്രി വ്യാപക പരിശോധന നടന്നു.




