തെലങ്കാനയിലെ കെമിക്കല്‍ നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 42 ആയി

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കല്‍ നിര്‍മാണ യൂണിറ്റില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം മുഴുവനായി തകര്‍ന്നിരുന്നു. തീയും പുകയും കാരണം, രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് എത്താനാകാത്തതും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നു. അതിനാല്‍ത്തന്നെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതില്‍ കാലതാമസം നേരിട്ടു.

നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റെന്നും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 9.28നാണ് സംഗറെഡ്ഡി പശ്മിലാരം വ്യവസായ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയുടെ പ്ലാന്റിലെ റിയാക്ടറില്‍ പൊട്ടിത്തെറിയുണ്ടായത്. ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം. വന്‍സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു.

