KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ വരും വർഷങ്ങളിലും ഉഷ്‌ണതരംഗം ആവർത്തിക്കുമെന്ന്‌ വിദഗ്‌ധർ

പാലക്കാട്‌: കേരളത്തിൽ വരും വർഷങ്ങളിലും ഉഷ്‌ണതരംഗം ആവർത്തിക്കുമെന്ന്‌ വിദഗ്‌ധർ. എന്നാൽ, എൽനിനോയ്‌ക്കുപകരം ലാ നിന പ്രതിഭാസമാണ്‌ അടുത്ത വർഷം ഉണ്ടാകുകയെന്നതിനാൽ വേനലിൽ അൽപ്പം ആശ്വാസം ലഭിച്ചേക്കാമെന്നും കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം ജി മനോജ്‌ പറഞ്ഞു.

ഈ വർഷം ശക്തിയേറിയ എൽനിനോയാണ് കടുത്ത ഉഷ്‌ണതരംഗത്തിനുകാരണം. എൽനിനോ ഉണ്ടാകുമ്പോൾ രണ്ടുമുതൽ അഞ്ച്‌ ഡിഗ്രിവരെ പസഫിക് സമുദ്രത്തിൽ ചൂട്‌ വർധിക്കും. ഈ ചൂടിന്റെ ഒരുഭാഗം അന്തരീക്ഷത്തിലേക്കും വ്യാപിച്ച് മർദ്ദവ്യതിയാനമുണ്ടാക്കുകയും ആഗോളവ്യാപകമായി കാറ്റിന്റെ ഗതിയെയും വേഗതയെയും സ്വാധീനിച്ച് കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. 

വർഷംതോറും വർധിച്ചുവരുന്ന ആഗോളതാപനവും എൽനിനോ പ്രതിഭാസവും പ്രാദേശിക കാരണങ്ങളും ചേർന്നതോടെയാണ്‌ കേരളം ഈ വർഷം ചുട്ടുപൊള്ളിയത്‌. മാർച്ച് മുതൽ മെയ്‌വരെ തെക്കേ ഇന്ത്യയുൾപ്പെടെയുള്ള ഭൂരിപക്ഷം പ്രദേശങ്ങളിലും ചൂട് അസാധാരണമായി ഉയരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്‌ നൽകിയിരുന്നു. എന്നാൽ ഫെബ്രുവരിയിൽതന്നെ കേരളത്തിൽ പലയിടത്തും ചൂട്‌ ഒന്നു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്‌വരെ കൂടി. ഏപ്രിൽ- മെയ്‌ മാസങ്ങളിൽ 16 ദിവസമാണ്‌ ഉഷ്‌ണതരംഗം നിലനിന്നത്‌. നേരത്തെ പാലക്കാട്‌ ജില്ലയിലാണ്‌ കൂടുതൽ ചൂട്‌ അനുഭവപ്പെട്ടിരുന്നത്‌. ഈ വർഷം ഉഷ്‌ണതരംഗം പാലക്കാട്‌, തൃശൂർ, കൊല്ലം, ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളിലേക്ക്‌ വ്യാപിച്ചു.

Advertisements

 

ഉഷ്‌ണതരംഗ ദൈർഘ്യവും അടുത്ത എൽനിനോ വർഷങ്ങളിൽ കൂടും. നാലുമുതൽ ആറുദിവസം വരെ ഇത്‌ വർധിക്കാം. പാലക്കാട്‌, കൊല്ലം ജില്ലകളിൽ അതിതീവ്രമായ താപനില അനുഭവപ്പെടും. പാലക്കാട്‌ ജില്ലയിൽ പാലക്കാട്‌ ചുരം വഴിയും കൊല്ലത്ത്‌ ആര്യങ്കാവ്‌ ചുരം വഴിയുമുള്ള താപക്കാറ്റും വില്ലനാകും. വേനൽക്കാലം ആരംഭിക്കുന്നത്‌ നേരത്തെയാകുന്നതും കടുത്ത വരൾച്ചയ്‌ക്ക്‌ ഇടയാക്കും. ഈ വർഷം മൺസൂണിൽ ലാനിന പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീവ്രസ്വഭാവമുള്ള കാലവർഷം കേരളത്തിൽ അനുഭവപ്പെടാനാണ്‌ സാധ്യതയെന്നും ഡോ. എം ജി മനോജ്‌ പറഞ്ഞു.

Share news