ശബരിമലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. 65 റെയ്ഡുകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. 65 റെയ്ഡുകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 39,000 രൂപ പിഴ ഈടാക്കി. പരിശോധന തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി ബേബി അറിയിച്ചു, ലഹരി വസ്തുകള്‍ക്ക് നിരോധനമുള്ള സ്ഥലമാണ് ശബരിമലയും സമീപ പ്രദേശങ്ങളും. ഇവിടങ്ങളില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയത്.
മകരവിളക്കിന് നട തുറന്ന മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് 16 റെയ്ഡുകള്‍ നടത്തി. 40 കേസുകളിലായി 8,000 രൂപ പിഴ ഈടാക്കി. പമ്പയില്‍ 16 പരിശോധനകള്‍ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലില്‍ നടത്തിയ 33 പരിശോധനകളിലായി 72 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്, 14,400 രൂപ പിഴ ഈടാക്കി. കടകള്‍ ലേബര്‍ ക്യാമ്പുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന.

3 ദിവസങ്ങളിലായി 26 ഹോട്ടലുകളും 28 ലേബര്‍ ക്യാമ്പുകളിലും പരിശോധന നടത്തി. പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം നശിപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പരിശോധനക്കായി എക്‌സൈസിന്റെ 3 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

