സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിൽ രണ്ടാംദിനവും തെളിവെടുപ്പ്
കളമശേരി: സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിൽ രണ്ടാംദിനവും തെളിവെടുപ്പ്. എൻഎസ്ജി, എൻഐഎ എന്നിവയും പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘവും തെളിവെടുപ്പിനും പരിശോധനയ്ക്കും നേതൃത്വം നൽകി. ഫോറൻസിക്–-വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

കൺവൻഷനിൽ പങ്കെടുത്ത ചിലർമാത്രമാണ് രാവിലെ സാമ്രയിലെത്തിയത്. ഇവരുടെ വാഹനങ്ങൾ സെന്ററിന്റെ വളപ്പിനകത്തായിരുന്നു. ഇതിനുപുറമെ ഫോൺ, ബാഗുകൾ എന്നിവ ഹാളിലുണ്ടായിരുന്നു. പലരുടെയും വീടിന്റെ താക്കോൽ തിക്കിലും തിരക്കിലും നഷ്ടമായിരുന്നു. ഇതെല്ലാം വിട്ടുകിട്ടുമോ എന്നറിയാനാണ് ഇവരെത്തിയത്.

ഹാളിന് കാര്യമായ നാശനഷ്ടമില്ല. കസേരകൾ കത്തിയതും സ്ഫോടനം നടന്ന മൂന്നിടത്ത് തറയോടുകൾ പൊട്ടി ഇളകിയതും സീലിങ്ങിൽ പുക പിടിച്ചതുമാണ് പ്രധാന നാശം. മെഡിക്കൽ കോളേജിൽനിന്ന് മണലിമുക്ക് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഇടതുഭാഗത്തായി കിൻഫ്രയിലാണ് മൂന്നേക്കറിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെയുള്ള ഹാൾ. ഹാളിൽ 2750 പേർക്ക് ഇരിക്കാം.

മുമ്പ് സിയാൽ, അഡ്ലക്സ് കൺവൻഷൻ സെന്ററുകളിൽ പരിപാടി നടത്തിയിരുന്ന യഹോവയുടെ സാക്ഷികൾ ആറുമാസ ഇടവേളകളിൽ സാമ്രയിൽ പരിപാടി നടത്താറുണ്ട്. സ്ഫോടനത്തോടെ തീപിടിത്തമുണ്ടായപ്പോൾ ഹാളിലുണ്ടായിരുന്ന അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് വളണ്ടിയർമാർ തീയണച്ചത്. ഹാളിലും പരിസരത്തും സ്ഥാപിച്ച നിരീക്ഷണ കാമറയ്ക്ക് കേടുപാടുകളില്ല. ഹാളിൽനിന്ന് മാറി സെന്ററിന്റെ ഓഫീസിലായിരുന്നു കൺട്രോൾ യൂണിറ്റ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

