KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പാരിസ്ഥിതിക അനുമതിയായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പാരിസ്ഥിതിക അനുമതിയായി. രണ്ടും, മൂന്നും, നാലും ഘട്ട നിർമാണം നടത്തുന്നതിനാണ് അനുമതി. പരിസ്ഥിതി ക്ലിയറൻസിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കാൻ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം പൂർത്തിയാക്കി വിജയകരമായ രീതിയിൽ വാണിജ്യതലത്തിൽ അടക്കം പ്രവർത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് രണ്ടും മൂന്നും നാലും ഘട്ട നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചത്.

ഇതിലൂടെ ബർത്തിന്‍റെ നീളം 1200 മീറ്റർ കൂടി വർധിക്കും . നിലവിൽ 800 മീറ്ററാണ് നീളം. പുലിമുട്ടിന്‍റെ നീളം 3 കിലോമീറ്ററിൽ നിന്നും ഒരു കിലോമീറ്റർ കൂടി വർധിപ്പിക്കും. ഇതുവഴി ഒരേ സമയം 5 വലിയ മദർഷിപ്പുകൾക്ക് തുറമുഖത്ത് ബർത്ത് ചെയ്യാനാവും. നിലവിൽ രണ്ടു മദർഷിപ്പുകൾക്ക് മാത്രമാണ് ഒരേസമയം ബർത്ത് ചെയ്യാൻ സാധിക്കുക.

 

 

2028 ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയിട്ടുള്ളത്. ഇതിന്‍റെ ഫണ്ട് അദാനി തന്നെയാണ് വഹിക്കുക. ഇതുവരെ 203 ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്. 4 ലക്ഷം ടിഇയു ചരക്കും കൈകാര്യം ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന MSC ഷിപ്പിങ്ങ് കമ്പനിയുടെ ജേഡ് സർവീസിൽ വിഴിഞ്ഞം തുറമുഖത്തെയും ഉൾപ്പെടുത്തിയതും നേട്ടമായി.

Advertisements

 

ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ MSC മിയ, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴി വിഴിഞ്ഞത്തേക്ക് എത്തിച്ചേർന്നിരുന്നു.

Share news