KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർകരുടെ സുരക്ഷ ഉറപ്പാക്കി; മുഖ്യമന്ത്രി

കോവളം: സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98–-ാമത്‌ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളം.

2016നുശേഷം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്‌. ആർദ്രം മിഷനിലൂടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി. ഇവയെല്ലാം തുടർച്ചയായി നിതി ആയോഗ് പട്ടികയിൽ കേരളത്തെ ഒന്നാമതെത്തിച്ചു. എന്നാൽ, കേരളത്തിന്‌ മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. ജീവിതശൈലീരോഗങ്ങൾ അതിൽ പ്രധാനമാണ്. ഇത്തരം രോഗങ്ങളുടെ കണക്ക്‌ ശേഖരിക്കാൻ ശൈലി ആപ്പിന് രൂപം നൽകിയിട്ടുണ്ട്.

 

ആരോഗ്യ ഗവേഷണം വിപുലീകരിക്കുക സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ജീനോം ഡാറ്റാ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ന്യൂട്രാസ്യുട്ടിക്കൽ സെന്റർ, പുതുതായി തുടങ്ങുന്ന മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് എന്നിവയൊക്കെ ഗവേഷണത്തിന്‌ സഹായകമാകും. ഇന്ത്യയിൽ ആരോഗ്യരംഗത്ത് ഏറ്റവും കൂടുതൽ ആളോഹരി ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമപ്രകാരം 50 കിടക്കകൾക്ക്‌ ഒരു ഡോക്ടർ എന്നതിൽ ഇളവ്‌ വേണമെന്ന ആവശ്യം പരിശോധിക്കാമെന്നും ഈ വിഷയത്തിൽ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisements

 

ഐഎംഎ ഡോ. കേദൻ ദേശായി പുരസ്കാരം ഡോ. എ മാർത്താണ്ഡപിള്ള (കേരളം), ഐഎംഎ ഡോ. എ കെ എൻ സിൻഹ അവാർഡ് ഡോ. വിനയ് അ​ഗർവാൾ (ഹരിയാന), ഐഎംഎ തരം​ഗ് അവാർഡുകൾ ഡോ. സഹദുള്ള ഐ (കിംസ് ചെയർമാൻ), ഡോ. പ്രേം നായർ (മെഡിക്കൽ ഓഫീസർ, അമൃത), ഡോ. ജോൺ പണിക്കർ എന്നിവർക്കും മുഖ്യമന്ത്രി സമ്മാനിച്ചു. ഐഎംഎ ദേശീയ പ്രസിഡണ്ട് ശരദ് കുമാർ അ​ഗർവാൾ അധ്യക്ഷനായി. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമനിർമാണം നടത്തിയ കേരള സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. 

Share news