KOYILANDY DIARY.COM

The Perfect News Portal

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഉടൻ തുറക്കും; മന്ത്രി ആർ ബിന്ദു

കാസർകോട്‌: ബോവിക്കാനത്ത്‌ 58 കോടി രൂപ ചെലവിൽ നിർമിച്ച എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഉടൻ തുറക്കുമെന്ന്‌ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതലപ്പാറയിൽ നിർമിക്കുന്ന ഗ്രാമത്തിൽ ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിങ്‌ ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ തുറക്കുക. 4.89 കോടി ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ്‌ കെട്ടിടം പണിതത്‌.

25 ഏക്കറിൽ പുനരധിവാസഗ്രാമം, 18 വയസിൽ താഴെയുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഫോസ്റ്റർ കെയർ ഹോം, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 18ന്‌ മുകളിലുള്ള 12 പേർക്ക് താമസിക്കാനാകുന്ന ‘അസിസ്റ്റീവ് ലിവിങ് ഫോർ അഡൾട്ട്സ്’, ഭിന്നശേഷിയുള്ളവർക്ക് പെട്ടെന്നുള്ള താമസമാറ്റവും പുതിയ ആൾക്കാരുമായുള്ള സമ്പർക്കവും ഒഴിവാക്കാനുള്ള ‘ഹാഫ് വേ ഹോംസ് ഫോർ അസിസ്റ്റഡ് ലിവിങ്‌ ഫോർ അഡൾട്ട്സ്’, സ്വയം ചലിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിചരണം നൽകുന്ന ‘ഹൈ ഡിപ്പന്റൻസി കെയർ ഫോർ ടോട്ടലി ബെഡ് റിഡൺ’ എന്നിവ ഉൾക്കൊള്ളുന്നതാണ്‌ പുനരധിവാസ ഗ്രാമം.

 

നടത്തിപ്പും പരിപാലനവും സാമൂഹ്യനീതിവകുപ്പിനുകീഴിലുള്ള പ്രവൃത്തിപരിചയമുള്ള എൻജിഒയെ ഏൽപ്പിക്കും. ജീവനക്കാരെ ഉടൻ നിയമിക്കും. എൻഡോസൾഫാൻ ലിസ്‌റ്റിൽ കൂടുതൽപേരെ ഉൾപ്പെടുത്തുന്ന കാര്യം ആരോഗ്യ ക്യാമ്പ്‌ നടത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കാസർകോട്‌ ജില്ലയിൽ നാല്‌ ബഡ്സ് സ്കൂളുകൾകൂടി സർക്കാർ ഏറ്റെടുത്ത്‌ എംസിആർസി നിലവാരത്തിലേക്ക്‌  ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

Advertisements

 

 പനത്തടി, കള്ളാർ, ബദിയടുക്ക, എൻമകജെ പഞ്ചായത്തുകളിലെ സ്‌കൂളാണ്‌ ഏറ്റെടുക്കുന്നത്‌. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സമഗ്രവികസനമാണ് ലക്ഷ്യം. പരിശീലനം, തെറാപ്പി എന്നിവയും നൽകും. നിലവിൽ ബഡ്‌സ്‌ സ്‌കൂളുകളിൽ തെറാപ്പിസ്‌റ്റുകളില്ലാത്ത സ്ഥിതിയുണ്ട്‌. യോഗ്യരായവരെ കിട്ടാത്തതാണ്‌ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു.

Share news