KOYILANDY DIARY.COM

The Perfect News Portal

ദുൽഖറിനെയും അമിത് ചക്കാലയ്ക്കലിനെയും ചോദ്യം ചെയ്യാൻ ഇഡി

.

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും. ഇന്നലെ ഇഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇരുവർക്കും ഇ ഡി നിർദേശം നൽകി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

 

കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം എടുക്കുക. ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് വിവരം.

Advertisements

 

കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകൾ നടന്നുവെന്നാണ് ഇഡി യുടെ സംശയം. ഇന്ത്യൻ ആർമിയുടെയും യുഎസ് എംബസിയുടെയും രേഖകൾ സംഘം വ്യാജമായി നിർമിച്ചുവെന്നും ഈ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വില്പന നടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

 

ഇന്നലെ 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ദുൽഖറിന്റെ എളംകുളത്തെ വീട്ടിൽ നിന്ന് മടങ്ങിയത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവാദങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്. ഇന്നലെ രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഉൾപ്പെടെ ഇ ഡി പരിശോധന നടത്തി.

 

ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡി പരിശോധന. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Share news