KOYILANDY DIARY.COM

The Perfect News Portal

കള്ളക്കേസിൽ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ കൊയിലാണ്ടിയിൽ DYFI പ്രതിഷേധം

കൊയിലാണ്ടി: ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസിൽ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ കൊയിലാണ്ടിയിൽ പ്രവർത്തകർ പ്രതിഷേ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിനെ സിഐ യുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മേഖലാ വൈസ് പ്രസിഡണ്ട് സായൂജ്, എം.സി അംഗം അജ്മൽ എന്നീ പ്രവർത്തകരെയും ജയിലിലടച്ചിട്ടുണ്ട്. അപകടകരമായി ബസ്സ് ഓടിച്ച ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്ത സംഭവം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. 

എന്നാൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത ബ്ലോക്ക് സെക്രട്ടറിയെ അകാരണമായി അറസ്റ്റ് ചെയ്ത പോലീസ് കൊയിലാണ്ടിയിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ പൊതുയോഗം ചേരുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു, ട്രഷറർ പി.വി. അനുഷ, റിബിൻ കൃഷ്ണ, ദിനൂപ്, ബിജോയി എന്നിവർ സംസാരിച്ചു.

Share news