കൊല്ലം നെല്യാടിയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയയുടെ അക്രമത്തിൽ DYFI നേതാക്കൾക്ക് പരിക്ക്

കൊയിലാണ്ടി: കൊല്ലം നെല്യാടിയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയയുടെ അക്രമത്തിൽ DYFI നേതാക്കൾക്ക് പരിക്ക്. രണ്ടു പേർ അറസ്റ്റിൽ. ഇരുമ്പ് കബിയും വടിവാളും ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ DYFI കൊല്ലം മേഖലാകമ്മറ്റി അംഗം അഭിലാഷ്, അശ്വന്ത്, പ്രഭീഷ്, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടി കെ.പി.കെ സ്റ്റോപ്പിനടുത്താണ് അക്രമം നടന്നത്.

വാളും മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമം നടത്തിയത്. സൂരജ് നെല്യാടി, അമ്പാടി, നന്ദകുമാർ, സായൂജ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ഇവർ ഉപയോഗിച്ച വാളും അക്രമി സംഘത്തിലെ രണ്ട് പേരെയും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.


കഞ്ചാവ് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സ്ഥലം സിഐ സന്ദർശിക്കുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിൻ്റെ പ്രതികാരം തീർക്കാനാണ് അക്രമം നടത്തിയതെന്നാണ് അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

