KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിനെ കള്ളക്കേസിൽ ജയിലിലടച്ചു

കൊയിലാണ്ടി: ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടച്ചു. കൊയിലാണ്ടി പോലീസിൻ്റെ നടപടിയിൽ വ്യാപക പ്രതിഷേധം. ഇന്ന് പുലർച്ചെ 5 മണിക്കാണ് സിഐ ശ്രീലാൽ ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ പോലീസ് ബിജീഷിൻ്റെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് കൊയിലാണ്ടിയിൽ ബസ്സിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് കണ്ടാലറിയാവുന്ന നിരവധി പേരെ പ്രതിയാക്കി കേസെടുത്തിരുന്നെങ്കിലും ബീജിഷിൻ്റെ പേര് ഉണ്ടായിരുന്നില്ല. മറ്റ് ചിലരുടെ പേര് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഡിവെഎഫ്ഐ നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡണ്ട് സായൂജ്, എം.സി അംഗം അജ്മൽ എന്നിവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്.

അതിനിടെ ബസ്സ് ഉടമകൾ പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. എസ്എസ്എൽസി പരീക്ഷ ദിവസം സമരം വെച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ സമരം അവസാനിപ്പിക്കാൻ കിട്ടുന്നവനെ അറസ്റ്റ് ചെയ്യാനുള്ള മനോഭാവമാണ് കൊയിലാണ്ടി പോലീസ് സ്വീകരിച്ചതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. തുടർന്നാണ് കേസിൽ പ്രതിയല്ലാത്ത ബിജീഷിനെ കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്പോലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്.

വൈകീട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിജീഷിനെ കോടതി റിമാൻ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഡിവെഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

Advertisements
Share news