കൊയിലാണ്ടിയിൽ ആളെ കൊല്ലുന്ന വഗാഡിൻ്റെ വാഹനങ്ങൾ ഡിവൈഎഫ്ഐ തടഞ്ഞിട്ടു
കൊയിലാണ്ടി: നമ്പർ പ്ലേറ്റ് ഇല്ല, ടാക്സ് ഇല്ല, ഇൻഷൂറൻസില്ല.. ഡ്രൈവർമാർക്ക് ലൈസൻസില്ല.. നടപടിയടുക്കാൻ പോലീസിനും, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും മടി.. ഒടുവിൽ ആളെ കൊല്ലുന്ന വഗാഡിൻ്റെ ലോറികൾ തടയാൻ ഡിവൈഎഫ്ഐ റോഡിലേക്കിറങ്ങി. പിന്തുണയുമായി നാട്ടുകാരും. കൊയിലാണ്ടി ദേശീയപാതയിൽ പഴയ ബസ്സ് സ്റ്റാൻ്റിന് മുന്നിൽ ഇന്ന് വൈകീട്ട് 5 മണിയോടുകൂടിയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ വാഹനം തടഞ്ഞ് വെച്ചത്. ഇന്നലെ മുത്താമ്പിയിൽ വഗാഡിൻ്റെ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരിക്കേറ്റ 64 വയസ്സുള്ള സ്ത്രീ ഇന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 3 പേരാണ് ഇങ്ങനെ മരണപ്പെട്ടത്. സംഭവ സ്ഥലത്ത് എസ്ഐ അനീഷിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തിയെങ്കിലും വാഹനം കസ്റ്റഡിയിലെടുക്കാൻ തയ്യാറാകത്ത നടപടിയിൽ പ്രവർത്തകരം നാട്ടുകാരും കടുത്ത പ്രതിഷേധമാണ് അറിയിച്ചത്.

രാത്രി സമയത്ത് മദ്യപിച്ച് ലോറി ഓടിച്ച് മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് സമീപമുള്ള പത്തോളം ഇലക്ട്രിക് പോസ്റ്റും 5 ബൈക്കുകളും ടോറസ് ലോറി വലിച്ച്കൊണ്ടുപോയ സംഭവം കഴിഞ്ഞ മാസമാണ് നടന്നത്. ഇത്തരം വിഷയങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ആറോളം വാഹനങ്ങളാണ് തടഞ്ഞ് വെച്ചത്. വാഹനം തടഞ്ഞെ വെച്ച് ദേശീയപാതയിലെ കുത്തിയിരിപ്പ് സമരം ഗതാഗതം 4 മണിക്കൂർ തടസ്സപ്പെട്ട് ജനം വലഞ്ഞെങ്കിലും പോലീസിൻ്റെയും ഉദ്യോഗസ്ഥരുടെ അനാസ്ഥ മനസിലാക്കിയ യാത്രക്കാരും ഡിവൈഎഫ്ഐക്ക് പന്തുണയുമായി രംഗത്തെത്തി.

ഒടുവിൽ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ, ജമീല, മന്ത്രി മുഹമ്മദ് റിയാസിനെയും, ജില്ലാ കലക്ടറെയും ഫോണിൽ ബന്ധപ്പെട്ട് വാഹനം കസ്റ്റഡിയിലെടുക്കാൽ ആവശ്യപ്പെടുകയായിരുന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധയും, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവവർ സ്ഥലം സന്ദർശിച്ച് ഡിവൈഎഫ്ഐ നേതാക്കളുമായി കൂടിയാലോചന നടത്തിയതിൻ്റെ ഭാഗമായി നാളെ രാവിലെ നഗരസഭ ഓഫീസിൽ പോലീസ്, വഗാഡ് ഉദ്യോഗസ്ഥർ, ഡിവൈഎഫ്ഐ നേതാക്കൾ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

തടഞ്ഞ് വെച്ച വാഹനങ്ങൾ ദേശീയപാതക്കരികിലേക്ക് മാറ്റിവെച്ച് നാളെ യോഗത്തിലുണ്ടാകുന്ന തീരുമാനത്തിനുശേഷം വാഹനം കസ്റ്റഡിയിലെടുത്തതിന്ശേഷം മാത്രം സമരം അവസാനിപ്പിക്കാനും, ഇന്നത്തെ ദേശീയപാത ഉപരോധം താൽക്കാലികമായി അവസാനിപ്പിക്കാനും ധാരണയായി. കൊയിലാണ്ടിയിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ബി.പി ബബീഷ്, ബ്ലോക്ക് സെക്രട്ടരി എൻ. ബിജീഷ്, പ്രസിഡണ്ട്, കെ.കെ സതീഷ് ബാബു, അനുഷ പിവി, റിബിൻ കൃഷ്ണ, വി.എം. അജീഷ് എന്നിവർ നേതൃത്വ നിൽകി.

