ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐ
.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതര്‍ക്ക് കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ടത്തിലെ 178 കുടുംബങ്ങൾക്ക് ടിവികൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റി അതിവേഗമാണ് പൂർത്തിയാക്കിയത്. ദുരന്തസമയത്ത് ഭക്ഷണവും മരുന്നും നൽകി കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ, പുനരധിവാസ ഘട്ടത്തിലും സജീവമായി ഒപ്പമുണ്ട്.

അതേസമയം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സിയാൽ എംഡി സുഹാസ്, ജില്ലാ കലക്ടർ, ചീഫ് സെക്രട്ടറിമാർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് വയനാട് ടൗണ്‍ഷിപ്പ് പദ്ധതി യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണത്തിന്റെ അടിസ്ഥാന തത്വമായ “ബിൽഡ് ബാക്ക് ബെറ്റർ” എന്ന ആശയത്തിലൂന്നിയാണ്, നഷ്ടപ്പെട്ടതിനേക്കാൾ മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

താമസത്തിനുള്ള വീടുകൾക്ക് പുറമെ വിപുലമായ സൗകര്യങ്ങളാണുള്ളത്. കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ എന്നിവ ടൗൺഷിപ്പിലുണ്ട്. 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, 10 സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.




