ലഹരി വേട്ട: കൊയിലാണ്ടിയിൽ 6 മാസത്തിനകം 85 കേസുകൾ, നൂറോളം പ്രതികൾ

വലവിരിച്ച് ലഹരി വേട്ട.. കൊയിലാണ്ടിയിൽ 6 മാസത്തിനകം 85 കേസുകളിലായി, നൂറോളം പ്രതികളെ പിടികൂടി പോലീസ്. 20 പ്രതികൾ ഇപ്പോഴും റിമാൻ്റിലാണ്. NDPS ആക്ട് പ്രകാരമാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എംഡിഎംഎ, കറുപ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവകളാണ് പോലീസ് പിടിച്ചെടുത്തത്. ചെറിയ അളവിൽ കൈവശംവെച്ചവരുടെ പേരിൽ കേസ്സെടുക്കുകയും മീഡിയം അളവിലും കച്ചവടാവശ്യാർത്ഥം കൈവശം വെച്ചവരെ റിമാന്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലഹരി വേട്ടക്കെതിരെ കൊയിലാണ്ടി പോലീസിൻ്റെ ജാഗ്രതയോടെയുള്ള പ്രവർത്തനം ഇതിനകം ജനങ്ങളുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ്. വലിയൊരളവിൽ മാഫിയാ സംഘത്തെ പ്രതിരോധിക്കാൻ കൊയിലാണ്ടി സ്റ്റേഷൻ്റെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ.

ലഹരി കടത്താൻ ഉപയോഗിച്ച ബൈക്ക്, കാർ, ഓട്ടോ റിക്ഷ എന്നിവയും കസ്റ്റഡിയിലുണ്ട്. റൂറൽ ജില്ലയിലെ ഏറ്റവും കൂടുതൽ കേസ്സുകൾ റിപ്പോർട്ട് ചെയ്തത് കൊയിലാണ്ടിയിലാണ്. അന്വേഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നീങ്ങുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളേയും പഠനം പാതിവഴിയിൽ നിർത്തിയവരേയും യുവാക്കളേയും ലക്ഷ്യം വെച്ചാണ് വിപണനം.

പല കൈകൾ മാറിയശേഷമാണ് പ്രാദേശിക കച്ചവടക്കാരിലെത്തുന്നത്. ഒരു ഗ്രാം മൂവായിരം മുതൽ 6000 രൂപ വരെയാണ് വില. ഇരുപതോളം ആളുകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും കച്ചവടക്കാർ എല്ലാ സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ചാണ് എത്തുക. പോലീസിന്റെ നീക്കംവരെ ഇവർക്കറിയാൻ സംവിധാനങ്ങളുണ്ട്.

പലരും ചെറിയ തോതിലുള്ള ആയുധങ്ങളും സൂക്ഷിക്കും. ലഹരികച്ചവടക്കാരെ പിടികൂടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. മഫ്ടിയിൽ നിരീക്ഷണ നടത്തിയശേഷമാണ് റെയിഡ്. വല്ല പാളിച്ചയും വന്നാൽ ഒച്ചപ്പാട് ഉണ്ടാകുമെന്നതിനാൽ ജാഗ്രതയോടെയാണ് പോലീസ് ഇടപെടൽ. ഭാരിച്ച ജോലിക്കിടയിൽ സമയം കണ്ടെത്തിയാണ് പോലീസിന്റെ റെയിഡ് നടത്തുന്നത്.

ലഹരിയ്ക്കെതിരെ വലിയ തോതിലുള്ള ബോധവത്ക്കരണവും പോലീസ് നടത്തുന്നുണ്ട്. വീട്ടിൽ വൈകി എത്തുന്ന കുട്ടികളേയും അവരുടെ കൂട്ടുകാരേയും നിരീക്ഷിക്കണമെന്നാണ് പോലീസ് ബോധവത്കരണ പരിപാടിയിൽ രക്ഷിതാക്കളോട് പറയുന്നത്. സി.ഐ. എം.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അനീഷ് വടക്കേടത്ത്, പി.എം ഷൈലേഷ്, വനിത പിങ്ക് പോലീസ് അടങ്ങുന്ന ഒരു ടീമാണ് ലഹരി സംഘത്തെ വീഴ്ത്താൻ നടപടിയുമായി മുന്നോട്ട് പോകുന്നത്.
