KOYILANDY DIARY.COM

The Perfect News Portal

ഡോ. അഴീക്കോടിന്റെ ഭവനവും ഗ്രന്ഥശാലയും സെന്റര്‍ ഓഫ് എക്സലന്‍സ് ഉപകേന്ദ്രമായി ഭാഷാപഠന കേന്ദ്രമാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

ഡോ. സുകുമാര്‍ അഴീക്കോടിന്റെ തൃശൂര്‍ എരവിമംഗലത്തുള്ള ഭവനവും ഗ്രന്ഥശേഖരവും പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഇടപെടല്‍. ഭവനവും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്’ എന്ന സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഡോ. സുകുമാര്‍ അഴീക്കോടിന്റെ അനുസ്മരണ പരിപാടിയില്‍ വെച്ചാണ് അഴീക്കോടിന്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിനോട് ഉടന്‍ പ്രതികരണമറിയിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തില്‍ എത്തിക്കാന്‍ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലാ ക്യാമ്പസില്‍ സ്ഥാപിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്. ഭാഷാവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക വൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നതാണ് കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്.

 

കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റു ഇന്ത്യന്‍, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്താനും, നവീന പഠനരീതികളും സാങ്കേതിക വിദ്യകളും അന്തര്‍വിഷയ ഗവേഷണവും ആവിഷ്‌കരിച്ച് കേരളത്തെ ഭാഷാമികവിന്റെ ആഗോളകേന്ദ്രമായി മാറ്റാനുമാണീ മികവിന്റെ കേന്ദ്രം. ബഹുഭാഷാപ്രാവീണ്യം പ്രോത്സാഹിപ്പിക്കലും സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കലും ഈ മികവിന്റെ കേന്ദ്രത്തിന്റെ ലക്ഷ്യമാണ് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Advertisements

 

കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം, ഭാഷാ സാങ്കേതികവിദ്യകളുടെ ഉപകേന്ദ്രം, കേരളത്തിലെ തദ്ദേശഭാഷകളുടെ പഠന ഉപകേന്ദ്രം എന്നിവയും സ്ഥാപിക്കുമെന്ന് സെന്ററിന്റെ ധാരണാപത്ര കൈമാറ്റവേളയില്‍ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശ ഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം പൊന്നാനി ആസ്ഥാനമാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. പിന്നാലെയാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനം മന്ത്രി ഡോ. ബിന്ദു അറിയിച്ചത്.

Share news