വിട്ടുമാറാത്ത മൈഗ്രെയ്ന്‍ മൂലം കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഈ കാര്യം ഒന്ന് പരീക്ഷിച്ചു നോക്കൂ…

.
മൈഗ്രെയ്ന്‍ മൂലമുണ്ടാകുന്ന കഠിനമായ തലവേദന അനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു ആശ്വാസ വാര്‍ത്തയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നത് മൈഗ്രേനിന്റെ തീവ്രതയും ദൈര്‍ഘ്യവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മൈഗ്രേനിന് പുറമേ അമിതമായി വണ്ണം വെക്കുന്നത്, കിഡ്‌നി സ്റ്റോണ്‍, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരാണ് നിങ്ങളെങ്കില്‍, വെള്ളം കുടിക്കുന്ന ശീലം ക്രമപ്പെടുത്തിയാല്‍ വലിയ തോതില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

നിര്‍ജ്ജലീകരണം മൈഗ്രേയ്ന്‍ വരുന്നതിന് ഒരു പ്രധാന കാരണമാണ്. അതിനാല്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം കുറയുന്നത് പലപ്പോഴും തലവേദനയിലേക്കും മൈഗ്രേന്‍ എന്ന കഠിനമായ അവസ്ഥയിലേക്കും നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. ദിവസവും ആറ് ഗ്ലാസ് വെള്ളം കുടിക്കുന്നത്
മൈഗ്രെയ്ന്‍, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ എന്നിവയുള്ള രോഗികളില്‍ വലിയ മാറ്റത്തിനിടയാക്കുമെന്ന് പഠനത്തില്‍ പറയുന്നു. ശരീരത്തില്‍ നല്ല രീതിയില്‍ വെള്ളം നിലനിര്‍ത്തുന്നത് മൈഗ്രേന്‍ എപ്പിസോഡുകളുടെ എണ്ണത്തിലും വേദനയുടെ തീവ്രതയിലും കുറവു വരുത്താന്‍ സഹായിക്കും.

മൈഗ്രേന്‍ ഉള്ള അവസ്ഥയില്‍ ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ അധികമായി കുടിക്കുന്നത് ഒഴിവാക്കാം. കാരണം കഫീന്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിച്ച് അവസ്ഥ വഷളാക്കാന്‍ കാരണമായേക്കാം. ഒരുമിച്ച് ധാരാളം വെള്ളം കുടിക്കുന്നതിന് പകരം ദിവസം മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ശീലിക്കുക.

മൂന്ന് മാസം ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് മുതിര്‍ന്നവരില്‍ ആവര്‍ത്തിച്ച് തലവേദന അനുഭവപ്പെടുന്നത് കുറഞ്ഞതായി പഠനത്തില്‍ പറയുന്നു. മൈഗ്രേന്‍ വരുമ്പോള്‍ സ്വയം ചികിത്സ തേടാതെ നല്ലൊരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ധാരാളം വെള്ളം കുടിക്കുന്നത് മൈഗ്രേന്‍ പ്രതിരോധത്തിന്‍ മികച്ച മാര്‍ഗമാണ്.
