KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി സൗഹൃദമായി ജലഗതാഗതവകുപ്പ്‌; യാത്രാപാസ്‌ ഓൺലൈനായി നേടാം

കൊച്ചി: ഭിന്നശേഷിയുള്ളവർക്കായി ഓൺലൈൻ പാസ്‌ ബുക്കിങ് സംവിധാനമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്‌. അപേക്ഷകൾ എഴുതിനൽകുന്നതിന്‌ പകരമായി  https://serviceonline.gov.in എന്ന വെബ്സൈറ്റ്‌ വഴി സമർപ്പിച്ച്‌ അതിവേഗത്തിൽ പാസ്‌ ലഭ്യമാക്കുന്ന സംവിധാനമാണിത്‌. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഓൺലൈൻ കൺസഷൻ പാസ്‌ പോർട്ടൽ ഉദ്‌ഘാടനം ചെയ്‌തു.

പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്‌ എന്നിവമാത്രമാണ്‌ രേഖകളായി സമർപ്പിക്കേണ്ടത്‌. 30- മുതൽ 70 ശതമാനംവരെ ഭിന്നശേഷിയുള്ളവർക്ക്‌ ടിക്കറ്റിന്റെ 30 ശതമാനംവരെ മാത്രമായിരിക്കും നിരക്ക്‌. 70 ശതമാനത്തിനുമുകളിൽ ഭിന്നശേഷിയുള്ളവർക്ക്‌ സൗജന്യനിരക്കിലും യാത്ര അനുവദിക്കും.

ഡിജിറ്റൽ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റ്‌ അനുവദിക്കുന്നപക്ഷം ഓൺലൈൻ പോർട്ടലിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്ത്‌ പാസായി ഉപയോഗിക്കാം. രണ്ടുവർഷമാണ്‌ പാസിന്റെ കാലാവധി. വകുപ്പിന്റെ ബോട്ടുകളിൽ ദിവസം എത്രതവണ വേണമെങ്കിലും പാസ്‌ ഉപയോഗിച്ച്‌ യാത്രചെയ്യാം. ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, ടി ജെ വിനോദ്‌ എംഎൽഎ, ജലഗതാഗതവകുപ്പ്‌ ഡയറക്ടർ ഷാജി വി നായർ തുടങ്ങിയവർ സന്നിഹിതരായി.

Advertisements

 

Share news