KOYILANDY DIARY.COM

The Perfect News Portal

മനുസ്‌മൃതി പാഠ്യവിഷയമാക്കാൻ ഡൽഹി സർവകലാശാല; എതിർപ്പുമായി അധ്യാപകർ

ന്യൂഡൽഹി: ചാതുർവർണ്യ വ്യവസ്ഥ നൂറ്റാണ്ടുകളോളം സമൂഹത്തിൽ അടിച്ചേൽപ്പിച്ച മനുസ്‌മൃതി പാഠ്യവിഷയമാക്കാൻ ഡൽഹി സർവകലാശാല (ഡിയു) ഒരുങ്ങുന്നു. സർവകലാശാലയുടെ എൽഎൽബി ഒന്നാം സെമസ്റ്ററിലാണ്‌ മനുസ്‌മൃതി പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്‌. മനുസ്‌മൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്‌ ചർച്ച ചെയ്യുന്നതിനായി ഡിയു അക്കാദമിക്ക്‌ കൗൺസിൽ വെള്ളിയാഴ്‌ച യോഗം ചേരും.

അക്കാദമിക് വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന അക്കാദമിക്ക്‌ കൗൺസിൽ അംഗീകരിച്ചാൽ മനുസ്‌മൃതി പാഠ്യപദ്ധതിയുടെ ഭാഗമാകും. ഡിയുവിലെ അധ്യാപകരിൽ ഒരു വിഭാഗം നീക്കത്തിനെതിരായി ശക്തമായി രംഗത്തുണ്ട്‌. നിയമസംഹിതയെന്ന പാഠ്യവിഷയത്തിന്റെ അഞ്ചാം അധ്യായമായ ‘അനലിറ്റിക്കൽ പോസിറ്റിവിസ’ത്തിന്റെ ഭാഗമായി വായിക്കേണ്ട പുസ്‌തകങ്ങളുടെ പട്ടികയിൽ മനുസ്‌മൃതികൂടി ഉൾപ്പെടും. ഗംഗാനാഥ്‌ ഝായുടെ പുസ്‌തകമായ ‘മനുഭാഷ്യ’വും വായിക്കപ്പെടേണ്ടവയുടെ ഭാഗമാകും.

 

രണ്ടാം മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ്‌ മനുസ്‌മൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്ന്‌ ലോ ഫാക്കൽറ്റി ഡീൻ പ്രൊഫ. അഞ്‌ജു വാലി ടിക്കു പറഞ്ഞു. മനുസ്‌മൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ വിസി യോഗേഷ്‌ സിങ്ങിന്‌ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ ടീച്ചേഴ്‌സ്‌ ഫ്രണ്ട്‌ കത്തയച്ചു.

Advertisements
Share news