ഗാസയില്‍ 65,000 കടന്ന് മരണസംഖ്യ; ദൗത്യം പൂര്‍ത്തിയാകുന്നതുവരെ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി

ഗാസ സിറ്റി പൂര്‍ണമായും പിടിച്ചെടുക്കാന്‍ പലസ്തീനികളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇന്നലെ മാത്രം 63പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 65000 കടന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

ഗാസ സിറ്റി ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും നിലച്ചു. കുട്ടികളുടെ ആശുപത്രികളും തകര്‍ന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസ കത്തുകയാണെന്നും ഞങ്ങള്‍ ഇരുമ്പ് മുഷ്ടിക്കൊണ്ട് ആക്രമിക്കുമെന്നും ദൗത്യം പൂര്‍ത്തിയാകുന്നതുവരെ പിന്മാറില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചിരുന്നു. ഗാസ സിറ്റി പിടിക്കാനുള്ള കരയുദ്ധം മാസങ്ങള്‍ നീളുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.

പലസ്തീന്‍ ജനത ഭയാനകമായ പട്ടിണി അനുഭവിക്കുകയാണെന്നും നിയമപരമായും ധാര്‍മികമായും അസഹനീയമാണ് അവസ്ഥയെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.

