അമിത അളവിൽ മയക്കുമരുന്ന് ശരീരത്തിലെത്തിയതാണ് മരണ കാരണം; ഷാനിദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: താമരശേരിയിൽ എംഡിഎംഎ പൊതി വിഴുങ്ങിയതിന് പിന്നാലെ മരിച്ച ഷാനിദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അമിത അളവിൽ മയക്കുമരുന്ന് ശരീരത്തിലെത്തിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വയറിനുള്ളിൽ നിന്ന് രണ്ട് പൊതികളാണ് കണ്ടെത്തിയത്. ഒന്നിൽ 9 ഗ്രാം കഞ്ചാവും കണ്ടെത്തി. എന്നാൽ രണ്ടാമത്തെ പൊതിയിലെ വസ്തു എന്തെന്ന് കണ്ടെത്താൻ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.

പോലീസിൽ നിന്ന് രക്ഷപെടാൻ എംഡിഎംഎ പൊതി വിഴുങ്ങിയ കരിമ്പാലക്കുന്ന് ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സംഭവം. അമ്പായത്തോട് മേലെ പള്ളിക്ക് സമീപത്തെ വീടിനുമുന്നിൽ റോഡിൽ നിൽക്കുകയായിരുന്ന ഷാനിദ് പൊലീസിനെ കണ്ടതോടെ കൈയിലുണ്ടായിരുന്ന പൊതി വായിലേക്കിട്ട് ഓടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിടികൂടി താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൂടുതൽ ചികിത്സയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എൻഡോസ്കോപ്പിയും സിടി സ്കാനും ചെയ്തപ്പോൾ വയറിനുള്ളിൽ രണ്ട് പ്ലാസ്റ്റിക് കവറും എംഡിഎംഎയും കണ്ടെത്തി.

വയറിനുള്ളിൽ പ്ലാസ്റ്റിക് കവർ പൊട്ടിയാൽ മരണംവരെ സംഭവിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും ഷാനിദ് ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഷാനിദ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു മരണം. ശനിയാഴ്ച രാവിലെ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഷാനിദ് മരിച്ചത്.

