ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; ക്രൈം ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച കേസിൽ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വിദ്യാധരനാണ് ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് ബിന്ദു പറഞ്ഞു.

രാവിലെ 10 മണിയോടെ നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് സംഘം ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറഞ്ഞ നിലവിൽ സസ്പെൻഷനിലുള്ള എസ് ഐ എസ് ജി പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവർക്കെതിരെ ബിന്ദു മൊഴി നൽകി. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂറിലധികം കസ്റ്റഡിയിൽ വെച്ചുവെന്നും ബിന്ദു പറഞ്ഞു.

ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയ വീട്ടുടമയിൽ നിന്നും മൊഴി ശേഖരിക്കും. പേരൂർക്കട പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകിയത്.

ജൂലൈ 7 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഏപ്രിൽ 23 നാണ് കവടിയാറിലെ ഓമന ഡാനിയേലിൻ്റെ വീട്ടു ജോലിക്കാരിയായിരുന്ന ബിന്ദുവിനെ വീട്ടുടമസ്ഥയുടെ താലിമാല മോഷ്ടിച്ചെന്ന പരാതിയിൽ പേരൂർക്കട പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നാലെ എസ് ഐയെയും, എ എസ് ഐ യേയും സസ്പെൻഡ് ചെയ്യുകയും സി ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

