KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചുരാചന്ദ്പൂരില്‍ ഗോത്ര നേതാവിനെ ആക്രമിച്ചതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് സമാധാനം അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ശക്തമാകുന്നു.

വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ ചുരാചന്ദ്പുരില്‍ മാര്‍ ഗോത്ര നേതാവ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായി. ഗോത്ര നേതാവിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 163 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

 

ഞായറാഴ്ച രാത്രിയിലാണ് ഗോത്രവിഭാഗത്തിന്റെ ഉന്നതാധികാര സമിതി ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് മാറിനെ അജ്ഞാത സംഘം ആക്രമിച്ചത്. പിന്നാലെ മാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചുരാചന്ദ്പുരില്‍ ബന്ദ് പ്രഖ്യാപിച്ചു. ബന്തില്‍ നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നെന്നു ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Advertisements

 

അഞ്ചോ അതിലധികമോ ആളുകളുടെ അനധികൃത ഘോഷയാത്രകള്‍ക്കും നിയമവിരുദ്ധമായ ഒത്തുചേരലുകള്‍ക്കും വിലക്കെര്‍പ്പെടുത്തി. സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കുക്കികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു എന്നും സമാധാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കുക്കി സംഘടനകള്‍ ആരോപിക്കുന്നു.

Share news