നമ്പ്രത്ത്കര യു.പി.സ്കൂളിൽ സാംസ്കാരികോത്സവം ആരംഭിച്ചു

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി.സ്കൂൾ നൂറാം വാർഷികോത്സവത്തോടനുബന്ധിച്ച് പൂർവ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള പുരാവസ്തു പ്രദർശനം ആരംഭിച്ചു. പഴയ കാലത്തെ ഗൃഹോപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, കലാരൂപങ്ങൾ, പത്രങ്ങൾ, താളിയോലകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. പുരാവസ്തു ശേഖര വിദഗ്‌ദ്ധൻ ജിതിനം രാധാകൃഷ്ണന്റെ ശേഖരത്തിലുള്ളവയാണ് പ്രദർശന വസ്തുക്കൾ.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. രാജന്റെ അധ്യക്ഷതയിൽ ശ്രീ ശങ്കര സംസ്കൃത സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. ശ്രീ വാസുദേവാശ്രമ ഗവ: എച്ച്.എസ്.എസിലെ പ്രധാനാധ്യാപിക ജ്യോതി എം, കെ.പി. ശങ്കരൻ, രഞ്ജിത് നിഹാര, ഉമൈബാൻ, കെ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
