തിങ്ങിനിറഞ്ഞ എസി കമ്പാര്‍ട്ട്മെന്റ് ദൃശ്യങ്ങള്‍, കൈമലർത്തി ഇന്ത്യൻ റെയില്‍വേയും

ഇന്ത്യയിലെ ട്രെയിനുകളുടെ ശോചനീയാവസ്ഥ പലപ്പോഴും സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. റിസർവ്ഡ് കോച്ചുകളിലെ തിരക്കും ടിക്കറ്റില്ലാത്ത യാത്രക്കാർ സീറ്റുകളില്‍ ഇരിക്കുന്നതുമൊക്കെയാണ് ചർച്ചയാകാറുള്ളത്. പണമടച്ച് റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് ഈ പ്രശ്നം കാര്യമായ അസൗകര്യവും നിരാശയും ഉണ്ടാക്കുന്നുമുണ്ട്. പൂര്‍വ എക്സ്പ്രസ് ട്രെയിനിലെ അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഗന്ധര്‍വ്വ് വിനായക് റായി എന്ന എക്സ് ഉപയോക്താവാണ് തിങ്ങിനിറഞ്ഞ എസി കോച്ചിന്റെ അവസ്ഥ പങ്കുവെച്ചത്. റായി പങ്കുവെച്ച വീഡിയോയിൽ, ടോയ്ലറ്റിന് സമീപമുള്ള സ്ഥലവും കോച്ചിനുള്ളിലെ വഴിയുമെല്ലാം ആളുകൾ നിറഞ്ഞിരിക്കുകയാണ്. റിസര്‍വേഷന്‍ ഇല്ലാത്ത നിരവധി യാത്രക്കാര്‍ തറയില്‍ ഇരിക്കുന്നതും റിസര്‍വ് ചെയ്തവരുമായി സീറ്റ് പങ്കിടുന്നതും വീഡിയോയില്‍ കാണാം.

എസി കോച്ച് ജനറല്‍ കമ്പാര്‍ട്ട്മെന്റ് ആയെന്ന് യാത്രക്കാർ പ്രതികരിച്ചു. ഉയര്‍ന്ന നിരക്ക് നൽകി എസി കോച്ച് റിസർവ് ചെയ്തവർക്കാണ് ഈ സ്ഥിതി. 2024121005214 എന്ന നമ്പരില്‍ റെയില്‍ മദാദില്‍ പരാതി നല്‍കിയതായും അദ്ദേഹം സൂചിപ്പിച്ചു. 45 മിനിറ്റ് കാത്തിരുന്നിട്ടും റെയില്‍വേയില്‍ നിന്ന് പ്രതികരണമോ സഹായമോ ലഭിച്ചില്ലെന്ന് റായ് പോസ്റ്റ് ചെയ്തു. ഒരു പരിശോധനയും നടത്താതെ റെയില്‍വേ തന്റെ പരാതി അവസാനിപ്പിച്ചതായി റായി പിന്നീട് പോസ്റ്റ് ചെയ്തു. 12303 നമ്പര്‍ പൂര്‍വ എക്സ്പ്രസ്സിലായിരുന്നു ഈ സ്ഥിതി. ബിഹാറിലെ പറ്റ്നയിലാണ് സംഭവം. വീഡിയോ കാണാം:

