KOYILANDY DIARY

The Perfect News Portal

വർഗീയസംഘർഷങ്ങൾ സൃഷ്‌ടിക്കൽ ഫാസിസ്‌റ്റ്‌ മുഖമുദ്ര: എം വി ഗോവിന്ദൻ

തൃശൂർ: ജനകീയ ഐക്യത്തിനു പകരം വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കലാണ്‌ ഫാസിസ്‌റ്റ്‌ മുഖമുദ്രയെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ കലാപങ്ങൾ സൃഷ്ടിച്ച്‌  വോട്ട്‌ തട്ടാനാണ്‌ ബിജപി ശ്രമം. 2024ൽ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനാധിപത്യം നിലനിൽക്കില്ല. 2025 ആർഎസ്‌എസ്‌ രൂപീകരണ നൂറാംവാർഷികത്തോടെ ഹിന്ദുത്വ രാജ്യമായി പ്രഖ്യാപിക്കാനാണ്‌ ലക്ഷ്യം.

ആർഎസ്‌എസിന്റെ  ഹിന്ദുത്വ രാജ്യം പൂർണമായും വർഗീയമാണ്‌. വിഭജനമാണ്‌ അജൻഡ. കലാപമാണ്‌ ലക്ഷ്യം. രാജ്യരക്ഷയ്‌ക്കുവേണ്ടി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ബിജെപിയെ പരാജയപ്പെടുത്തണം. അതിനായി  അഭിപ്രായവ്യത്യാസങ്ങൾ മറന്ന്‌ രാഷ്‌ട്രീയ പാർടികൾ സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കണം. തൃശൂരിൽ ഇ എം എസ്‌ സ്‌മൃതിയിൽ ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി രാഷ്‌ട്രീയ പാർടികളുടെ പങ്ക്‌’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ടുമാത്രമാണ്‌ നേടിയത്‌. എന്നാൽ അധികാരത്തിൽ എത്തി. ഇതു തടയാൻ സംസ്ഥാന  അടിസ്ഥാനത്തിൽ രാഷ്‌ട്രീയപാർടികളുടെ ശക്തി മനസ്സിലാക്കി പ്രയോഗികമായ  ഐക്യം രൂപപ്പെടുത്തണം. ഇതിൽ കോൺഗ്രസിനുൾപ്പെടെ  വിശാലമായ കാഴ്‌ചപ്പാട്‌ വേണം. കർണാടകത്തിൽ കോൺഗ്രസ്‌ ജയിച്ചെങ്കിലും ഇത്തരം വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായില്ല. രാജ്യത്ത്‌ ചങ്ങാത്ത മുതലാളിത്തത്തിന്റെ കമീഷൻ  പറ്റുന്നവരായി ഭരണാധികാരികൾ മാറി.

Advertisements

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ വിറ്റഴിച്ചു. പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്ത്‌ അദാനിമാരും അംബാനിമാരും സ്ഥാപനങ്ങൾ കൈക്കലാക്കി. വായ്‌പ തിരിച്ചടച്ചില്ല. 11.5 ലക്ഷം കോടി കേന്ദ്രം എഴുതിത്തള്ളി. ഇപ്പോൾ 8.5 ലക്ഷം കോടി രൂപകൂടി എഴുതിത്തള്ളാൻ പോവുകയാണ്‌. ഇതിന്റെയെല്ലാം കമീഷൻ പറ്റി രാജ്യത്തെ കൊള്ളയടിക്കുകയാണ്‌ കേന്ദ്രസർക്കാർ അദ്ദേഹം പറഞ്ഞു.