KOYILANDY DIARY.COM

The Perfect News Portal

ബംഗാളിൽ സിപിഐ എം മുന്നേറ്റത്തിന്റെ പാതയിൽ; മുഹമ്മദ്‌ സലിം

തിരുവനന്തപുരം: ബംഗാളിൽ സിപിഐ എം മുന്നേറ്റത്തിന്റെ പാതയിലാണെന്ന്‌ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ മുഹമ്മദ്‌ സലിം പറഞ്ഞു. പത്ത് വർഷത്തിനിപ്പുറം പുതുതലമുറ നേതാക്കൾ നേതൃസ്ഥാനത്ത്‌ വന്ന പാർടി സിപിഐ എം മാത്രമാണ്‌. സംസ്ഥാനഭരണം നടത്തുന്ന മമത സർക്കാരിന്റെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെയുമുള്ള പോരാട്ടങ്ങളിൽ യുവജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രാതിനിധ്യം വർധിച്ചുവരികയാണ്‌.

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ ഇടതുപാർടികൾക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്‌ എത്തിയതായിരുന്നു അദ്ദേഹം. നിരവധി അഴിമതി ആരോപണങ്ങളാണ്‌ മമത സർക്കാരിനെതിരെ ഉയരുന്നത്‌. നിയമനങ്ങളിൽ വലിയ അഴിമതിയാണ്‌ നടക്കുന്നത്‌. പ്രൈമറി സ്‌കൂൾ മുതൽ സർവകലാശാലകളിൽ വരെ ഇതാണ്‌ സ്ഥിതി. പാർടിയുടെ പ്രക്ഷോഭ പരിപാടികളിൽ വലിയ പങ്കാളിത്തമുണ്ട്‌. അഴിമതി കേസ്‌ മറയാക്കി ബിജെപി തൃണമൂൽ കോൺഗ്രസിനെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന സ്ഥിതിയുണ്ടായാൽ ബിഹാറിൽ നിതീഷ്‌ കുമാറിനെപോലെ മമതയും എൻഡിഎയിലേക്ക്‌ മടങ്ങിയേക്കാം.

 

ദേശീയതലത്തിൽ ബിജെപി സർക്കാരിനെതിരെ പൊരുതുന്നു എന്ന പ്രതീതിയുണ്ടാക്കുമ്പോഴും ആർഎസ്‌എസ്‌ അജൻഡ തന്നെയാണ്‌ ബംഗാളിൽ മമതയും നടപ്പാക്കുന്നത്‌. മതത്തെ രാഷ്‌ട്രീയവുമായി കൂട്ടിക്കലർത്തുകയാണ്‌ അവർ. ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചുള്ള ഇടപെടലിന്‌ കേന്ദ്രസർക്കാരും ശ്രമിക്കുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ ജനങ്ങൾ കേന്ദ്രത്തിനെതിരെ അണിനിരക്കുന്നതെന്നും മുഹമ്മദ്‌ സലിം പറഞ്ഞു.

Advertisements
Share news