KOYILANDY DIARY.COM

The Perfect News Portal

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം: മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ആറളം സന്ദർശിക്കും

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട കണ്ണൂർ ആറളത്ത് ഇന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരും. യോഗത്തിൽ ജില്ലാ കലക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയിൽ നിന്നും ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ കൈമാറും. അതേസമയം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.

അതേസമയം സംഭവം സങ്കടകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആറളം ഫാമിൽ അടിക്കാട് വെട്ടാത്തതും ആന മതിൽ നിർമാണം നീണ്ടുപോയത് അടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇക്കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർ സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. വയനാട്ടിലേതു പോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news