വനമേഖലയിൽ കാട്ടാനകളുടെ കണക്കെടുപ്പിനു തുടക്കമായി

കൊല്ലം: ജില്ലയിലെ വനമേഖലയിൽ കാട്ടാനകളുടെ കണക്കെടുപ്പിനു തുടക്കമായി. വ്യാഴാഴ്‌ച തുടങ്ങിയ കണക്കെടുപ്പിൽ കണ്ടെത്തിയത് മൂന്നെണ്ണത്തെ. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് വ്യാഴാഴ്‌ച മുതൽ നടത്തുന്ന സർവേയുടെ ഭാഗമായാണ് ജില്ലയിലെ പുനലൂർ, തെന്മല, അച്ചൻകോവിൽ, ശെന്തുരുണി ഡിവിഷൻ പരിധിയിൽ വനംവകുപ്പ് കണക്കെടുപ്പ് നടത്തുന്നത്.

മൂന്നുദിവസത്തെ തുടർനിരീക്ഷണത്തിലൂടെയാണ് പൂർത്തിയാക്കുക. ശരാശരി ആറു ചതുരശ്ര കിലോമീറ്റർ വരെയുള്ള 58 ബ്ലോക്കായി തിരിച്ച് ആദ്യദിനം ബ്ലോക്കുകളിലൂടെ നടന്നുകാണുന്ന കാട്ടാനകളുടെ കണക്കെടുപ്പാണ് നടത്തിയത്. പുനലൂർ ഡിവിഷനിലെ അമ്പനാട്, കീരിത്തോട്, ശെന്തുരുണി ഡിവിഷനിലെ ഉമയാർ എന്നീ ബ്ലോക്കുകളിൽ ഓരോ കാട്ടാനയെ വീതം കണ്ടെത്തി.

അച്ചൻകോവിൽ ഡിവിഷനിലെ ഉൾക്കാട്ടിലുള്ള ഏഴ് ബ്ലോക്കുകളിൽ കണക്കെടുപ്പിനുപോയ സംഘം കാട്ടാനയെ കണ്ടെത്തിയോ എന്നുള്ള വിവരം ലഭ്യമായിട്ടില്ല. ശനിയാഴ്‌ച മാത്രമേ തിരികെ എത്താൻ കഴിയൂ. മറ്റ് അഞ്ച് ബ്ലോക്കുകളിൽ ആനയെ കണ്ടെത്തിയിട്ടില്ല. കൊമ്പൻ, പിടിയാന, കുട്ടികൾ എന്നിങ്ങനെ തിരിച്ചുള്ള കണക്കെടുപ്പാണ് നടത്തുക. തെന്മല ഡിവിഷനെ 15 ബ്ലോക്കായും പുനലൂർ ഡിവിഷനെ 20 ബ്ലോക്കായും അച്ചൻകോവിൽ ഡിവിഷനെ 12 ബ്ലോക്കായും ശെന്തുരുണി ഡിവിഷനെ 11 ബ്ലോക്കായും തിരിച്ചാണ് കണക്കെടുപ്പ്.

വെള്ളിയാഴ്‌ച ഒന്നരക്കിലോമീറ്ററോളം ആനത്താരയിലൂടെ യാത്രചെയ്ത് ഓരോ 100 മീറ്ററിലും ലഭിക്കുന്ന ആനപ്പിണ്ടത്തെ അടിസ്ഥാനമാക്കിയാകും കണക്കെടുപ്പ്. ശനിയാഴ്‌ച ആനകൾ വെള്ളം കുടിക്കാൻ എത്തുന്ന നീർച്ചാലുകൾ, ചെക്ക്‌ഡാമുകൾ, കുളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കണക്കെടുക്കും.

