KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു

മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിൻറെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്. രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റതായി ഗ്രാമവാസികൾ പറഞ്ഞു. പരിക്കേറ്റവരിൽ ഏഴുപേർ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേർ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

 

കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികൻറെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്. അതേസമയം മെയ്തേയ് സമുദായത്തിലെ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.

Advertisements

 

കേസിൽ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നവംബർ 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കുട്ടികളെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

 

Share news