KOYILANDY DIARY

The Perfect News Portal

ശാസ്ത്രത്തെ കേവലമായ സാങ്കേതിക വിദ്യയാക്കി മാറ്റാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്: സുനിൽ പി ഇളയിടം

അടൂർ : ശാസ്ത്രത്തെ  കേവലമായ സാങ്കേതിക വിദ്യയാക്കി മാറ്റി പരിമിതിപ്പെടുത്താനാണ് മൂലധന, വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. അടൂരിൽ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ ദി റാഷണൽസ് സയൻസ് ഫോറം സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പണ്ഡിതർ  അന്ധതയുടെ പ്രചാരകരായി മാറുന്നു. അറിവിനെ കേവലം സാങ്കേതിക വിദ്യയാക്കി മാറ്റുന്നു. ശാസ്ത്രീയതയുടെയും യുക്തി ബോധത്തിന്റെയും മികച്ച പ്രചാരകരെന്ന് ചമഞ്ഞ് നടന്നവർ തന്നെ ഇന്ന് വലതുപക്ഷത്തിന്റെയും വർഗീയതയുടെയും ചേരിയിലാണ്.
ഇല്ലാത്ത കെട്ടുകഥകളെ വിജ്ഞാനത്തിന്റെ ഭാഗമാക്കി വിജ്ഞാനത്തെ തന്നെ അന്ധമാക്കുന്നു. ചരിത്രപരമായി വേരുകൾ ഉള്ളതാണ് ശാസ്ത്ര സങ്കൽപ്പം. ശാസ്ത്രം സാമൂഹികവും ചരിത്ര പരവുമാണ്. ഫാസിസ്റ്റ് ഗ്യാസ് ചേംമ്പറിന്റെ ചെറിയ പതിപ്പാണ് മുസാഫർ നഗറിലെ ക്ലാസ് മുറിയിൽ കണ്ടത്. ഇതിനെതിരെ പ്രതികരിക്കാൻ പോലും കഴിയാതെ ഭയപ്പാടോടെ കഴിയുന്ന പിതാവിനെയാണ് നാം കണ്ടത്. ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെയുള്ള നീതി ബോധത്തിന്റെ ചെറുത്ത് നിൽപ്പാണ് ശാസ്ത്രീയത.
മൂലധന ശക്തികളോടും വർഗീയ ശക്തികളോടും തുടരുന്ന വലിയ സമരത്തിന്റെ പേര് കൂടിയാണ് ശാസ്ത്ര അവബോധം. ചന്ദ്രനിൽ സവിശേഷ നേട്ടം കൈവരിച്ച നാല് രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് രാജ്യം ഉയർന്നത് കണ്ട് മണിക്കൂറുകൾ പിന്നിടും മുമ്പാണ് ഈ ദുരവസ്ഥ. ലോകത്ത് അഞ്ചാമത് സാമ്പത്തിക ശക്തിയായി രാജ്യം മാറി എന്ന് പ്രധാനമന്ത്രി തന്നെ പറയുമ്പോൾ പട്ടിണി സൂചികയിൽ 107-ാം സ്ഥാനത്താണ്  രാജ്യം എന്നതും മറക്കരുത്. മനുഷ്യർക്കിടയിൽ പരിത്യാഗ ശേഷി ഉണ്ടെന്ന കാഴ്ചപ്പാടിന് പുറത്ത് ആധുനിക ഭരണകൂട സംവിധാനത്തെ എതിർത്ത ആളായിരുന്നു ഗാന്ധിജി.
തുല്യതാ സങ്കൽപ്പമാണ്  മാനവികതയുടെ അടിസ്ഥാനം. തുല്യതാ ബോധത്തെ ഉറപ്പിക്കാനുള്ള ശ്രമമായാണ് നവോത്ഥാന കാലത്ത് മാനവികത ഉയർത്തിക്കാട്ടിയത്. വർഗീയതയോട് പടവെട്ടി നിൽക്കാൻ മാനവിക സമൂഹം എപ്പോഴും ശ്രമിക്കുമെന്നും സുനിൽ പി ഇളയിടം പറഞ്ഞു. ‘ശാസ്ത്രവും മാനവികതയും’ എന്ന വിഷയത്തിൽ നടന്ന യോഗത്തിൽ ഫോറം പ്രസിഡണ്ട് എം ബിജു അധ്യക്ഷനായി. സെക്രട്ടറി അനിൽ സി പള്ളിക്കൽ, ട്രഷറർ സുരേഷ് കുമാർ പയ്യനല്ലൂർ എന്നിവർ സംസാരിച്ചു.