കോസ്റ്റ് ഗാർഡ് ദിനത്തിൽ കടലിൽ കപ്പലുകളുടെ അഭ്യാസവും ആഘോഷവും

ഫറോക്ക്: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 49-ാം റെയ്സിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ബേപ്പൂർ തീരക്കടലിൽ “ഡേ അറ്റ് സീ’ ഇവന്റ് നടത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് അഭിനവ്, ഇന്റർസെപ്റ്റർ ബോട്ട് ഐസിജിഎസ് സി- 404, ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ ഐസി -115, ഐസി- 116 എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു കടലിലെ ആഘോഷം. കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷൻ കമാൻഡിങ് ഓഫീസർ കമാൻഡന്റ് സന്ദീപ് സിങ്, ഡെപ്യൂട്ടി കലക്ടർ ഹർഷിൽ ആർ മീണ എന്നിവർ ഐസിജിഎസ് അഭിനവിൽ അഭ്യാസങ്ങൾ നിരീക്ഷിച്ചു.

കോളം ഡിവിഷൻ ഫോർമേഷൻ, ബോർഡിങ് ഓപറേഷൻസ്, സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ ഗൺ ഓപറേഷൻസ്, ചെറിയ ആയുധങ്ങളുടെ ഫയറിങ്, സർവൈവർ റിക്കവറി ഡ്രില്ലുകൾ, സ്റ്റീം പാസ്റ്റ് തുടങ്ങിയ വ്യത്യസ്‌ത പ്രകടനങ്ങളിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രവർത്തന മികവുകൾ എടുത്തുകാട്ടി. ഐസിജിഎസ് അഭിനവ് കമാൻഡന്റ് (ജെജി) പ്രഭാത് കുമാർ നയിച്ചു. ഐസിജിഎസ് സി- 404 അസി. കമാൻഡന്റ് സരത് ജോസും ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ ഉണ്ണികൃഷ്‌ണൻ പ്രധാൻ അധികാരിയും നിയന്ത്രിച്ചു.

