KOYILANDY DIARY.COM

The Perfect News Portal

ശുചിത്വോത്സവം 2025ന് തുടക്കം: മന്ത്രി എം ബി രാജേഷ് ലോഗോ പ്രകാശനം ചെയ്തു

മാലിന്യസംസ്‌കരണ – ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ടുള്ള ശുചിത്വോത്സവം 2025ന് തുടക്കം. ദേശീയതലത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ ക്യാമ്പയിനാണ് ശുചിത്വോത്സവമായി സംസ്ഥാനത്തുടനീളം നടത്തുന്നത്. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന പരിപാടിയാണിത്. പരിപാടിയുടെ ലോഗോ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ഇതോടുകൂടി സംസ്ഥാനത്തെ ജില്ലാ, പ്രാദേശികതലങ്ങളിലും ക്യാമ്പയിൻ ആരംഭിക്കും.

സംസ്ഥാനത്ത് സെപ്തംബർ 17 മുതൽ നവംബർ ഒന്നുവരെ രണ്ട് ഘട്ടങ്ങളിലായി ശുചിത്വോത്സവം പരിപാടി നടക്കും. ക്യാമ്പയിനിടയില്‍ ചെറുതും വലുതുമായ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ജനകീയ കൂട്ടായ്മകളിലൂടെ അവ നീക്കം ചെയ്യും. പരിപാടിക്കിടെ മാലിന്യം നീക്കം ചെയ്ത പ്രധാന കേന്ദ്രങ്ങൾ പെയിൻ്റ് ചെയ്യാനും ശുചിത്വ സന്ദേശങ്ങൾ ആലേഖനം ചെയ്തതിന് ശേഷം ചെടികൾ വെച്ചുപിടിപ്പിക്കാൻ നിർദേശിച്ചു.

 

പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ, പാർക്കുകൾ, മാർക്കറ്റുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, നദികൾ എന്നിവ ഉൾപ്പെടെയുള്ള പൊതുയിടങ്ങൾ ശുചീകരിക്കും. ബോധവൽക്കരണവും വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ക്യാമ്പയിൻ്റെ ഒരു പ്രധാന ഭാഗമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വരംഗത്ത് നടത്തിയ മുന്നേറ്റം ജനങ്ങളോട് പറയാനും കാലാവധിതീരും മുൻപ് പൊതു ശുചീകരണമുൾപ്പടെ നടത്തി കൂടുതൽ മികവിലേക്കെത്താനും കിട്ടുന്ന അവസാന അവസരമാണ് ഇതെന്നും പരമാവധി ജനപങ്കാളിത്തത്തോടെ അതു നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisements

 

ഗൃഹസന്ദർശനങ്ങൾ, ശുചിത്വ റാലികൾ, സംവാദങ്ങൾ, വിദ്യാലയങ്ങളിലും കോളേജുകളിലും മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി സൗജന്യ ആരോഗ്യ-സുരക്ഷാ ക്യാമ്പുകളും നടത്തും.

 

സംസ്ഥാനത്തൊട്ടാകെ സെപ്തംബർ 25 ന് ജനകീയ ശുചീകരണവും ഒക്ടോബർ രണ്ടിന് ‘ഗാന്ധിസ്മൃതി ശുചിത്വസഭ’യും നടക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇതുവരെ നടന്ന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളും നടക്കും.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ  റെസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, സാമൂഹ്യ പ്രവർത്തകർ, യുവജന സംഘടനകൾ, എൻ.എസ്.എസ്, എൻ. സി. സി, എസ് . പി. സി, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, നെഹ്റു യുവ കേന്ദ്ര, അധ്യാപക  സർവീസ് സംഘടനകൾ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായ സംഘടനകൾ, ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനുകൾ, യൂത്ത്  ക്ലബുകൾ, ടൂറിസം ക്ലബുകൾ, സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും നിർദേശിച്ചിട്ടുണ്ട്.    

Share news