KOYILANDY DIARY.COM

The Perfect News Portal

കശ്മീരിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രിയും എം വി ഗോവിന്ദനും സന്ദർശിച്ചു

കൊച്ചി: പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വേർപാടിന്റെ ദുഖം ഇടപ്പള്ളി മങ്ങാട്ട്‌ നീരാഞ്‌ജനത്തെ മൂടി നിന്നിരുന്നു. അവിടേക്കാണ്‌ ആശ്വാസവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ചയെത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീലയുടെ കരങ്ങൾ ചേർത്തുപിടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ‘‘കേരളം കൂടെയുണ്ട്‌ ഇനി മുന്നോട്ടുള്ള യാത്രയിൽ.’’ ‘‘ഈ ധൈര്യം ദുഃഖകാലത്തെ മറികടക്കാൻ തുടർന്നും പ്രേരണയാകട്ടെ – രാമചന്ദ്രന്റെ മകൾ ആരതിയോട്‌ മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ആശ്വാസവും കരുത്തും നൽകിയ വാക്കുകൾ.

നീരാഞ്ജനത്തിലെത്തിയ മുഖ്യമന്ത്രി സ്വീകരണമുറിയിലെ രാമചന്ദ്രന്റെ ചിത്രത്തിൽ ആദരം അർപ്പിച്ചശേഷം ഭാര്യ ഷീല, മക്കൾ ആരതി, അരവിന്ദ്‌, മരുമക്കൾ ശരത്, വിനീത എന്നിവരെ ആശ്വസിപ്പിച്ചു. രാമചന്ദ്രനൊപ്പം യാത്രയിലുണ്ടായിരുന്ന ആരതിയുടെ ഇരട്ടക്കുട്ടികൾ ദ്രുപദിനെയും കേദാറിനെയും അടുത്തുവിളിച്ച് സ്‌കൂൾ വിശേഷങ്ങളടക്കം ചോദിച്ചറിഞ്ഞശേഷമാണ്‌ മുഖ്യമന്ത്രി യാത്ര പറഞ്ഞത്‌.

 

സർക്കാരിൽ നിന്നുള്ള സഹായങ്ങൾക്ക്‌ മക്കൾ നന്ദി അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌ എന്നിവരും ഒപ്പമുണ്ടായി.

Advertisements

 

 

Share news