മയക്കുമരുന്നു ശേഖരവുമായി പിടിയിലായ ചേളന്നൂർ സ്വദേശിക്ക് 10 വർഷം തടവും ഒരു ലക്ഷം പിഴയും

കൊടുവള്ളി: മയക്കുമരുന്നു ശേഖരവുമായി പിടിയിലായ ചേളന്നൂർ സ്വദേശിക്ക് 10 വർഷം തടവും ഒരു ലക്ഷം പിഴയും. ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത് വീട്ടിൽ കിരണിന് (25) വടകര നാർക്കോട്ടിക് കോടതിയാണ് ശിക്ഷ വിധിച്ചത്. എം ഡി എ, എൽ എസ് ഡി സ്റ്റാമ്പ്, ഹാഷീഷ് ഓയിൽ എന്നിവയുമായി നരിക്കുനിയിൽ വെച്ചായിരുന്നു പ്രതി പോലീസിൻ്റെ പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് റൂറൽ എസ് പി യുടെ ക്രൈം സ്ക്വാഡും കൊടുവള്ളി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. 2022 ഫെബ്രുവരി 5 നാണ് സംഭവം. കൊടുവള്ളി ഇൻസ്പെക്ടർമാർ ആയിരുന്ന പി ചന്ദ്രമോഹൻ, എം പി രാജേഷ് എന്നിവർ അന്വേഷണം നടത്തി 6 മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ശക്തമായ സാക്ഷികളും തെളിവുകളും നിരത്തിയാണ് പോലീസും പ്രോസിക്യൂഷനും മുന്നോട്ട് പോയത്. ഇതാണ് പ്രതിക്ക് കനത്ത ശിക്ഷ നേടിക്കൊടുത്തത്.

