മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നടപടി; പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി
.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി. പദ്ധതിയുടെ പേര് മാറ്റാനുള്ള നടപടിയിലെ കേന്ദ്രത്തിന്‍റെ കള്ളക്കളികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിയുടെ പേരും ഘടനയും ഉള്ളടക്കവും സാരമായി മാറ്റിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ എന്നാണ് പേര് മാറ്റുന്നത്. ഈ നടപടിയിലൂടെ മഹാത്മാഗാന്ധിയുടെ പേരിനെ പദ്ധതിയിൽ നിന്നും പുറത്താക്കുകയാണ് ആദ്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

തൊഴിലുറപ്പിൽ പങ്കെടുക്കുന്നവർക്കുള്ള കൂലി 100% കേന്ദ്ര സർക്കാർ ആയിരുന്നു നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 40% സാമ്പത്തിക ഭാരം സംസ്ഥാനങ്ങൾക്ക് മേൽ കെട്ടിവെച്ചിരിക്കുകയാണ്. വടക്ക് കിഴക്കൻ മേഖല, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ അപൂർവ്വം ചില സംസ്ഥാനങ്ങൾ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഭാരം ബാധകമാകും. കേരളത്തിൽ മാത്രം 2000 കോടി രൂപയുടെ അധിക ഭാരം ഉണ്ടാകും. മൊത്തം ഇന്ത്യയിൽ 50,000 കോടി രൂപയുടെ ഭാരമാണ് സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കണമെന്നും വേതനം കൂട്ടി നൽകണമെന്നുമാണ് തൊഴിലാളി സംഘടനകളും സംസ്ഥാനങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ, നിലവിലെ മാറ്റം ഈ പദ്ധതിയെ ഇല്ലാതാക്കുന്നതും സംസ്ഥാനങ്ങൾക്ക് ഇരട്ടി പ്രഹരവുമാണ്. പൂർണ്ണമായി കേന്ദ്രത്തിന്റെ ഗ്യാരണ്ടി ഉണ്ടായിരുന്ന ഒരു പദ്ധതിയെ സാധാരണ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പട്ടികയിലേക്ക് മാറ്റിക്കൊണ്ടുള്ള തീരുമാനമാണിത്. ഇതിലൂടെ കേന്ദ്ര സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയും, ഗ്രാമീണ മേഖലയിൽ ദൂരവ്യാപകമായിട്ടുള്ള ഭവിഷ്യത്തുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.




